ദുബൈ: കിടപ്പിലായ രോഗികളെ വിമാനത്തില്‍ നാട്ടിലെക്കെത്തിക്കാന്‍ സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്കില്‍ അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചതായി സൂചന. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു രോഗിയെ എത്തിക്കാന്‍ നാലര ലക്ഷം രൂപ ചിലവ് വരുന്ന രീതിയിലായിരുന്നു വര്‍ധനവ് തീരുമാനിച്ചിരുന്നത്. ദേശീയ വിമാന കമ്പനിയുടെ നടപടിക്കെതിരെ പ്രവാസി സംഘടനകള്‍ വ്യാപക പ്രതിക്ഷേധം ഉയര്‍ത്തിയിരുന്നു.

വിദേശത്ത് ചികിത്സാ ചിലവ് ഏറെയായതിനാല്‍ പലരും നാട്ടിലെത്തിയാണ് ചികിത്സിക്കാറ്. ഇങ്ങനെയുള്ളവര്‍ക്ക് ലക്ഷങ്ങള്‍ വേണ്ടിവരുന്നു നാട്ടിലെത്താന്‍. എക്കണോമിക് ക്ലാസിലെ ഏറ്റവും ഉയര്‍ന്ന ക്ലാസായ വൈ ക്ലാസിലേക്ക് സ്‌ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയാണ് രോഗികളായ യാത്രക്കാരെ പിഴിയാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. നേരത്തെ ഇക്കണോമിക് ക്ലാസിലെ സബ് ക്ലാസായ കെ ക്ലാസിലായിരുന്നു ഈ ടിക്കറ്റ് നല്‍കിയത്. ഈ മാസം 20 മുതലായിരുന്നു മാറ്റം പ്രഖ്യാപിച്ചിരുന്നത് .

സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്കില്‍ അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്ന് ദുബായ് കെ.എം.സി.സി പ്രസിഡണ്ട് അന്‍വര്‍ നഹ അറിയിച്ചു. ദുബായ് കെ.എം.സി.സി ഉള്‍പ്പെടെ നിരവധി പ്രവാസി സംഘടനകള്‍ ഇക്കാര്യം ആവശ്യപെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു.