ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം ലാഭത്തിലാണെന്ന അവകാശവാദം വ്യാജമാണെന്ന് സിഎജി റിപ്പോര്‍ട്ട്. നഷ്ടം കണക്കാതെയാണ് എയര്‍ ഇന്ത്യയുടെ ലാഭ വാദമെന്നും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 321 കോടിരൂപ എയര്‍ഇന്ത്യക്ക് നഷ്ടമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു വര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലെത്തിയെന്ന വാദമാണ് എയര്‍ഇന്ത്യ ഉന്നയിച്ചത്. എന്നാല്‍ ഇത് തള്ളിയ സിഎജി വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തെത്തുകയായിരുന്നു.

comptroller-and-auditor-of-general-cag

അക്കൗണ്ടിങ് നടപടിക്രമങ്ങളില്‍ പുലര്‍ത്തേണ്ട വ്യവസ്ഥകള്‍ പാലിക്കാതെയാണ് ലാഭകണക്കുണ്ടാക്കിയതെന്ന് സിഎജി ചൂണ്ടിക്കാട്ടി. 2010-11 മുതല്‍ 2015-16 വരെയുള്ള എയര്‍ഇന്ത്യയുടെ പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട് വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. വ്യോമ മേഖലയില്‍ കടുത്ത മത്സരം നടക്കുന്നതിനിടെയാണ് എയര്‍ഇന്ത്യക്കെതിരെ സിഎജിയുടെ റിപ്പോര്‍ട്ട് വന്നത്. കഴിഞ്ഞ വര്‍ഷത്തെ ലാഭം ഇന്ത്യന്‍ വ്യോമ കമ്പനിക്ക് പിടിച്ചുനില്‍ക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ സിഎജി റിപ്പോര്‍ട്ട് കേന്ദ്രത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. നിലവില്‍ 30,000 കോടി രൂപയുടെ രക്ഷാ പാക്കേജിലാണ് എയര്‍ഇന്ത്യ മുന്നോട്ടു പോകുന്നത്.