കൊച്ചി: ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദനെയും ദളിത് സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്ത പൊലീസ് നടപടി തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ദളിതര്‍ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും ആന്റണി പറഞ്ഞു.

ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദന്‍, അഡ്വ. പി.ജെ മാനുവല്‍, വി.സി ജെന്നി, എ.ബി പ്രശാന്ത്, ഷിജി കണ്ണന്‍, സി.എസ്. മുരളി ശങ്കര്‍, അഭിലാഷ് പടചേരി, ജോയ് പാവേല്‍ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതുകൊണ്ടാണ് ഗീതാനന്ദനെ കസ്റ്റഡിയിലെടുത്തത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വാഹനം തടഞ്ഞിട്ടില്ലെന്ന് ഗീതാന്ദന്‍ പറഞ്ഞു. ദളിത് നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ഹര്‍ത്താല്‍ പരാജയപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലുള്ളത്. പൊലീസ് കസ്റ്റഡിയിലെടുത്തവരില്‍ പലരും സംഘടനാ പ്രവര്‍ത്തകരല്ലെന്നും അദ്ദേഹം പറഞ്ഞു.