kerala

ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര: ആര്‍സി സസ്‌പെന്‍ഡ് ചെയ്യും; കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

By webdesk14

July 09, 2024

കൊച്ചി: നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ആകാശ് തില്ലങ്കരിയുടെ ജീപ്പ് റൈഡില്‍ വിമര്‍ശനവുമായി ഹൈക്കോടതി. നിയമം ലംഘിച്ച് ജീപ്പ് യാത്ര നടത്തിയത് ക്രിമിനല്‍ കേസ് പ്രതിയാണ്. ഇത്തരം വാഹനങ്ങള്‍ പൊതു സ്ഥലത്ത് ഉണ്ടാകാന്‍ പാടില്ല. എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല വ്ലോ​ഗിങ്. ജീപ്പ് റൈഡിനെതിരെ സ്വമേധയാ കേസെടുക്കുമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ കർശന നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. അതിനിടെ, ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പിന്റെ ആർസി സസ്പെൻഡ് ചെയ്യാൻ മോട്ടർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. വാര്‍ത്ത ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ആകാശ് തില്ലങ്കേരിയുടെയടക്കം നിയമലംഘനങ്ങളില്‍ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണു വാഹനം ഓടിക്കുന്നതെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

വയനാട് പനമരത്തായിരുന്നു തില്ലങ്കേരിയുട ജീപ്പ് ഡ്രൈവ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി.