ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ നിയമസഭയില്‍ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ്. സഭാ സമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഭരണ – പ്രതിപക്ഷ വാക്‌പോരിനിടെ ബി.ജെ.പി എം.എല്‍.എമാരില്‍ ഒരാള്‍ പാകിസ്താന്‍ മുര്‍ദ്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനെ എതിര്‍ത്ത നാഷണല്‍ കോണ്‍ഫറന്‍സ് അംഗം മുഹമ്മദ് അക്ബര്‍ ലോണെ പാകിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കശ്മീര്‍ നിയമസഭയുടെ മുന്‍ സ്പീക്കര്‍ കൂടിയാണ് ലോണെ. താനൊരു മുസ്്‌ലിമാണെന്നും മുസ്്‌ലിം വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ ബി.ജെ.പി എം.എല്‍.എ പെരുമാറിയതിനെതുടര്‍ന്നാണ് പാകിസ്താന്‍ സിന്ദാബാദ് വിളിച്ചതെന്നും ലോണെ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ലോണെയുടെ സഭയിലെ ഇടപെടലിനെ നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വം തള്ളിപ്പറഞ്ഞു. നിയമസഭയില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി വക്താവ് ജുനൈദ് അസീം മാട്ടു പറഞ്ഞു.

നേരത്തെ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കെതിരെ നിയമസഭാ സ്പീക്കര്‍ കവീന്ദര്‍ ഗുപ്ത നടത്തിയ പരാമര്‍ശവും സഭയില്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ജമ്മുകശ്മീരില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരുടെ മണത്തിനിടയാക്കിയ സൈനിക ക്യാമ്പ് ആക്രമണത്തിന് ഒത്താശ ചെയ്തത് റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ ആണെന്നായിരുന്നു സ്പീക്കറുടെ പരാമര്‍ശം. എന്നാല്‍ സ്പീക്കറുടെ വസ്തുതാ വിരുദ്ധ പരാമര്‍ശത്തെ എതിര്‍ത്ത് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സും ഭരണ കക്ഷിയായ പി.ഡി.പിയും ഒരുപോലെ രംഗത്തെത്തി. ഇതേതുടര്‍ന്ന് സ്പീക്കര്‍ പരാമര്‍ശം പിന്‍വലിച്ചു. സുരക്ഷാ വീഴ്ചക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളാണ് ഉത്തരവാദികളെന്നും ഏതെങ്കിലും പ്രത്യേക സമുദായത്തെയല്ല പഴിചാരേണ്ടതെന്നും നാഷണല്‍ കോണ്‍ഫറന്‍സ് വാദിച്ചു.