ലക്‌നോ: സമാജ്വാദി പാര്‍ട്ടിയില്‍ വീണ്ടും അസ്വാരസ്യം സൃഷ്ടിച്ച് മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ സഹോദരനുമായ ശിവ്പാല്‍ യാദവ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇറ്റാവയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താന്‍ വര്‍ഷങ്ങളായി മല്‍സരിക്കുന്ന ഇറ്റാവയിലെ ജസ്വന്ത്നഗര്‍ സീറ്റില്‍ സമാജ്വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രിക അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്ന മാര്‍ച്ച് 11ന് ശേഷം പാര്‍ട്ടി രൂപീകരിക്കുമെന്നാണ് ശിവ്പാല്‍ അനുയായികളെ അറിയിച്ചത്. സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ സ്വതന്ത്രന്‍ ആയി മത്സരിക്കുമെന്നും സ്വതന്ത്രസ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്ന എല്ലാവരുടെയും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകുമെന്നും ശിവ്പാല്‍ യാദവ് വ്യക്തമാക്കി. എന്നാല്‍ ശിവ്പാലിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുഖ്യമന്ത്രി അഖിലേഷ് യാദവ് മറുപടി നല്‍കി. പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 100 മീറ്ററിനു അപ്പുറത്തേക്ക് പോകാന്‍ കഴിയില്ലെന്ന് അഖിലേഷ് പറഞ്ഞു.

മുലായം സിങിന്റെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ് എസ്.പി ഉയര്‍ന്ന് വന്നതെന്ന് പറഞ്ഞ ശിവപാല്‍ പാര്‍ട്ടി അധ്യക്ഷനായി മുലായം തന്നെ തുടരണമെന്ന് അഖിലേഷിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നെന്ന് വെളിപ്പെടുത്തി. മുലായത്തെ നേതാവെന്ന് പുകഴ്ത്തിയവര്‍ ഇപ്പോള്‍ അദ്ദേഹത്തെ പരസ്യമായി അപമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് എസ്.പി സഖ്യത്തെയും ശിവപാല്‍ പരിഹസിച്ചു. ‘ആറു മാസം മുമ്പ് വരെ നാല് സീറ്റില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. സഖ്യം കൊണ്ട് കോണ്‍ഗ്രസിനാണ് നേട്ടം. നമ്മുടെ പ്രവര്‍ത്തകര്‍ക്ക് സീറ്റ് നഷ്ടപ്പെടുകയും ചെയ്തു’- ശിവപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് സഖ്യം അനാവശ്യമാണെന്നും പ്രചാരണത്തിനിറങ്ങില്ലെന്നും മുലായംസിങും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുലായം പ്രചരണത്തിനിറങ്ങുമെന്നും 250 സീറ്റുകളില്‍ പാര്‍ട്ടി വിജയിക്കുമെന്നുമായിരുന്നു അഖിലേഷിന്റെ വാദം.