റിയാദ് : സഊദി സൂപ്പർ കപ്പ് ഫുട്ബാൾ കിരീടം സഊദിയിലെ ഒന്നാം നമ്പർ ക്ളബ്ബായ അൽ ഹിലാലിന്. പെനാൽറ്റി ഷൂട്ടൗട്ടിലൂടെ അൽഫൈസലിയ ക്ലബ്ബിനെയാണ് ഹിലാൽ പരാജയപ്പെടുത്തിയത്. റിയാദിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ നിശ്ചിത സമയത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടിയതിനെ തുടർന്നാണ് പെനാൽറ്റിയിലേക്ക് നീങ്ങിയത്. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഹിലാൽ ജേതാക്കളായത്. കോവിഡ് ഭീതിക്കിടയിലും നിയന്ത്രണം പാലിച്ച് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ കാണികളെ മുൾമുനയിൽ നിർത്തിയാണ് ആദ്യ പകുതിയിൽ ഹിലാൽ കളിച്ചത്. രണ്ടാം പകുതി തങ്ങളുടേതാക്കിയതോടെ ഗ്യാലറിയിൽ ആവേശം വിതറി.

ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ ഹിലാൽ സമനില നേടിയ ഗോളുകൾ നേടിയത്. അൽ ഫൈസലിയക്ക് വേണ്ടി പതിനേഴാം മിനുട്ടിൽ മുഹമ്മദ് അൽ അംരിയും ഇരുപത്തിനാലാം മിനുട്ടിൽ റൊമൈൻ അമൽഫിതാനോ എന്നിവരാണ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലെ നാൽപതാം മിനുട്ടിൽ സാലേം അൽ ദോസരിയും അമ്പത്തിമൂന്നാം മിനുട്ടിൽ യാസർ അൽ ഷഹ്‌റാനിയുമാണ് ഹിലാലിന് വേണ്ടി ഗോളുകൾ നേടിയത്. അതിനിടെ അറുപതാം മിനുട്ടിൽ ഫൈസലിയ മടക്കിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല . പെനാൽറ്റിയിൽ അൽ ഫൈസിലിയയുടെ മൂന്ന് താരങ്ങൾക്ക് ലക്‌ഷ്യം തെറ്റി. ഹിലാലിന്റെ രണ്ട് പേരും പുറത്തേക്കടിച്ചു.

അഞ്ചാം തവണയാണ് അൽ ഹിലാലിന് സൂപ്പർ കപ്പിലെ കലാശക്കൊട്ടിലേക്ക് വഴി തുറന്നത്. കഴിഞ്ഞ വർഷം സൂപ്പർ കപ്പ് ഫൈനലിൽ അൽ നാസർ ക്ലബിനോട് മൂന്ന് ഗോളിന് പരാജയം ഏറ്റുവാങ്ങിയ ഹിലാലിന് ഈ വിജയം മധുരം പകരുന്നതായിരുന്നു. ഒപ്പം അൽ ഹിലാൽ കോച്ച് ലിയനാർഡോ ജാർഡിംഗിന് ഈ മത്സരം ജീവന്മരണ പോരാട്ടവും. അല്ലെങ്കിൽ മുൻ കോച്ച് റിസ്‌വാൻ ലൂസെസ്‌കുവിനെ പോലെ പുറത്തേക്കുള്ള വഴി അന്വേഷിക്കേണ്ടി വരുമായിരുന്നു ജാർഡിംഗിന്.