ആലപ്പുഴ: ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കെ.എസ്.ആര്‍.ടി.സി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ വിജയകുമാര്‍(30), ബിനീഷ് (30), പ്രസന്ന(48) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ബിനീഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വണ്ടിയിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം 11 പേരാണ് ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. അതേസമയം, ബസിലെ യാത്രക്കാര്‍ക്ക് കാര്യമായ പരിക്കില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

ഇടിയുടെ ആഘാതത്തില്‍ ടെമ്പോ ട്രാവലര്‍ രണ്ടായി നെടുകെ പിളര്‍ന്നു. അപകടസമയത്ത് ഇരുവാഹനങ്ങളും അമിതവേഗതയിലായിരുന്നുവെന്നാണ് സൂചന. രണ്ട് പേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആസ്പത്രിയില്‍ വച്ചുമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്ക് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് വിവാഹനിശ്ചയചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്നാണ് വിവരം.