ന്യൂയോര്‍ക്ക്: മദ്യപാനം മൂലം ലോകമെമ്പാടും ഓരോ വര്‍ഷവും ശരാശരി മരിച്ചുവീഴൂന്നത് 28 ലക്ഷം പേരാണെന്ന് പഠന റിപ്പോര്‍ട്ട്. 15നും 49നും മധ്യേ പ്രായമുള്ളവര്‍ക്കിടയിലെ പത്തില്‍ ഒരാളുടെ മരണത്തിന്റെ കാരണം മദ്യപാനമാണെന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്റ് ഇവാലുവേഷന്‍ വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നു.
1990 മുതല്‍ 2016 വരെയുള്ള കണക്ക് പ്രകാരം 195 രാജ്യങ്ങളിലെ ജനങ്ങളിലെ മദ്യത്തിന്റെ ഉപയോഗത്തിലും ആരോഗ്യ വിഷയങ്ങളിലും നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം. മദ്യപാനത്തിന് സുരക്ഷിതമായ അവസ്ഥ എന്നൊന്നില്ലെന്നും പഠനത്തില്‍ പറയുന്നു. മദ്യത്തിന്റെ ഗുണത്തേക്കാള്‍ ഏറെ ദോഷമാണ്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ അത് വരുത്തിവെക്കുന്നു. ചെറിയ തോതില്‍ ആരംഭിക്കുന്ന മദ്യപാനം പിന്നീട് അളവ് കൂട്ടി ഉപയോഗിക്കുകയാണെന്നും അത് ആരോഗ്യപ്രശ്നങ്ങള്‍ വരുത്തുന്നുവെന്നും ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്റ് ഇവാലുവേഷന്‍ വിഭാഗം മേധാവി ഡോ.മാക്സ് ഗ്രിസ്വോള്‍ഡ് പറയുന്നു.
സ്ത്രീകളിലെ ഹൃദയരോഗങ്ങള്‍ക്കും വരെ ഇത് ഇടയാക്കും. മദ്യ ഉപഭോഗത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള നയങ്ങളില്‍ ശ്രദ്ധയൂന്നുക എന്നതാണ് ആരോഗ്യകാര്യത്തിലെ ഏറ്റവും സുപ്രധാനമായ കാര്യം. ലോകമെമ്പാടുമുള്ള കാര്യമെടുത്താല്‍ മൂന്നില്‍ ഒരാള്‍ (32.5%) മദ്യം കഴിക്കുന്നുണ്ട്. അതായത് 240 കോടി ആളുകള്‍. സ്ത്രീകളില്‍ 25 ശതമാനവും പുരുഷന്മാരില്‍ 39 ശതമാനവും മദ്യപാനത്തിന് അടിമകളാണ്. ശരാശരി കണക്ക് അനുസരിച്ച് സ്ത്രീകള്‍ ഒരു ദിവസം 0.73 ആല്‍ക്കഹോള്‍ കഴിക്കും. പുരുഷന്മാരില്‍ ഇത് 1.7 അളവാണ്. അകാലമരണങ്ങളുടെ ഏഴാമത്തെ കാരണം മദ്യപാനമാണ്.
2016ലെ സ്ത്രീകളില്‍ 2.2 ശതമാനവും പുരുഷന്മാരില്‍ 6.8 ശതമാനവും ഇപ്രകാരം മരണമടഞ്ഞു. മദ്യ നിയന്ത്രണ നയങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ഇതിന് പരിഹാരം. മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കുക, ലഭ്യത കുറയ്ക്കുക, വില്‍പ്പന സമയം കുറയ്ക്കുക, ആല്‍ക്കഹോള്‍ പരസ്യങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.