ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പോലെ അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലെയയും തകര്‍ക്കാന്‍ ശ്രമമെന്ന് അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാല മുന്‍വൈസ് ചാന്‍സിലര്‍ പി കെ അബ്ദുള്‍ അസീസ്. അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയില്‍ പാകിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം തൂക്കിയതിനെതിരായ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ പ്രതിഷേധം അനാവശ്യവും അനവസരത്തിലുമുള്ളതാണെന്നും അബ്ദുള്‍ അസീസ് ് പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ മുന്നണിപ്പോരാളികളിലൊരാളായിരുന്നു മുഹമ്മദലി ജിന്നയും. ഗാന്ധി, നെഹ്‌റു, പട്ടേല്‍, അബ്ദുള്‍ കലാം ആസാദ് എന്നിവര്‍ക്കൊപ്പം മുഹമ്മദലി ജിന്നയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. ഗാന്ധിജിയുടെ ഒരു വശത്ത് നെഹ്‌റുവും മറുവശത്ത് ജിന്നയുമുണ്ടായിരുന്നു. 1920ല്‍ അലിഗഡ് സര്‍വ്വകലാശാല സ്ഥാപിച്ചപ്പോള്‍ ഫൗണ്ടര്‍ കോര്‍ട്ട് അംഗമായിരുന്നു മുഹമ്മദലി ജിന്നയെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു.

സര്‍വ്വകലാശാലയുടെ വളര്‍ച്ചയില്‍ വിലപ്പെട്ട സംഭാവന നല്‍കിയ ആളാണ് ജിന്ന്. 1947 വരെ ജിന്ന അലിഗഡുമായി സഹകരിച്ചു. ഇന്ത്യാ വിഭജനത്തിനു പിന്നില്‍ മുഹമ്മദലി ജിന്ന മാത്രമല്ല. സ്വതന്ത്ര്യത്തിന് മുമ്പുള്ള എല്ലാ വിഷയങ്ങളും തീര്‍പ്പായതാണ്. ജിന്നയുടെ ചിത്രം തൂക്കിയതിനെക്കുറിച്ച് സ്വതന്ത്ര ഇന്ത്യയില്‍ ചര്‍ച്ച നടത്തി അന്തരീക്ഷം മോശമാക്കാനാണ് ശ്രമം. ഇതിനു പിന്നില്‍ ഹിഡന്‍ അജണ്ടയും ചരിത്ര നിഷേധവുമുണ്ട്.

ബാബരി മസ്ജിദ് പോലെ അലിഗഡ് സര്‍വ്വകലാശാലയും തകര്‍ക്കാന്‍ ഉദ്ദേശ്യമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യസമര കേന്ദ്രമായിരുന്ന അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയുടെ സ്വയം ഭരണാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ് ഇപ്പോഴത്തെ പ്രതിഷേധം.