ബെംഗളൂരു: കര്‍ണാടകയില്‍ തൂക്കു നിയമസഭ വന്നതോടെ ഏവരും ഉറ്റുനോക്കുന്നത് ഗവര്‍ണര്‍ വാജുഭായ് വാലയിലേക്ക്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ എന്ത് തീരുമാനമെടുക്കുമെന്നത് പ്രധാനമാണ്. ഉച്ചയോടെ ഗവര്‍ണറെ കാണാനെത്തിയ കര്‍ണാടക പി.സി.സി അധ്യക്ഷന്‍ പര്‍മേശ്വര്‍ ഗവര്‍ണര്‍ കാണാന്‍ അനുമതി നല്‍കാത്തതിനാല്‍ മടങ്ങിപ്പോവുകയായിരുന്നു. വൈകീട്ട് ജെ.ഡി.എസ്-കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ക്കും കാണാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പയും ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിട്ടുണ്ട്. അദ്ദേഹത്തെ കാണാന്‍ ഗവര്‍ണര്‍ അനുമതി നല്‍കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി പ്രതിനിധികളെ കണ്ടതിന് ശേഷം കോണ്‍ഗ്രസ് നേതാക്കളെ കണ്ടാല്‍ മതിയെന്ന തീരുമാനമാണോ ഗവര്‍ണറുടേത് എന്നും വ്യക്തമല്ല.

നരേന്ദ്ര മോദിയുടെ അടുത്തയാളാണ് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് ബാല. ഗുജറാത്തുകാരനായ അദ്ദേഹം മോദിക്ക് മത്സരിക്കാനായി സ്വന്തം മണ്ഡലം ഒഴിഞ്ഞു കൊടുത്തയാളാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നയാളാണ് വാജുഭായ് വാല. ഇത്തരം കാര്യങ്ങളെല്ലാം നിലവില്‍ കര്‍ണാടകയില്‍ പ്രസക്തമാണ്.