പൊലീസ് ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ടില്‍ നടത്തിയ ക്രമക്കേടിനെതിരെയുള്ള നടപടി നാളെ എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പൊലീസ് അസോസിയേഷന്‍ നടത്തിയ ക്രമക്കേട് സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയിരുന്നു. തപാല്‍ വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമാക്കാന്‍ പൊലീസ് അസോസിയേഷന്‍ ഇടപ്പെട്ടു എന്ന് സ്ഥിരീകരിക്കുന്നതാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. കര്‍ശന നടപടിയ്ക്കും കേസെടുത്ത് അന്വേഷിക്കാനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 70 ശതമാനത്തിലേറെയും പോസ്റ്റല്‍ വോട്ടുകള്‍ ചെയ്തതിന് ശേഷമാണ് ക്രമക്കേട് കണ്ടെത്താന്‍ സാധിച്ചതെന്നും അതിനാല്‍ ചെയ്ത ബാലറ്റുകള്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ സുതാര്യത വീണ്ടെടുക്കാന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്ത് തീരുമാനം എടുക്കും എന്നതാണ് നിര്‍ണായകം.