india

പെരുന്നാളിന് നിയമവിരുദ്ധമായി കന്നുകാലികളെ കശാപ്പ് നടത്തിയെന്നാരോപം; അസമില്‍ 16 പേര്‍ അറസ്റ്റില്‍

By webdesk18

June 08, 2025

അസമില്‍ പെരുന്നാളിന് നിയമവിരുദ്ധമായി കന്നുകാലികളെ കശാപ്പ് നടത്തിയെന്നാരോപിച്ച് 16 പേരെ അറസ്റ്റ് ചെയ്തു. കന്നുകാലികളുടെ അവശിഷ്ടങ്ങളും, ബരാക് താഴ്‌വരയിലെ രണ്ട് ജില്ലകളിലെ വിവിധ പ്രദേശത്ത് നിന്നും അഞ്ച് അനധികൃത കശാപ്പ് കേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. കച്ചാറിലെ ഗുംറ, സില്‍ച്ചാര്‍, ലാഖിപൂര്‍, കരിംഗഞ്ചിലെ ബദര്‍പൂര്‍, ബംഗ എന്നിവിടങ്ങളില്‍ നിന്നാണ് അനധികൃത കശാപ്പ് കേന്ദ്രങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി അക്രമികള്‍ മാംസക്കഷണങ്ങള്‍ എറിഞ്ഞുവെന്ന് ആരോപിച്ച് ഹിന്ദുത്വ വാദികള്‍ ഹൊജായിയില്‍ റോഡ് ഉപരോധിച്ചിരുന്നു. ”നമ്മുടെ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുമ്പോള്‍ തന്നെ അത് നിയമവാഴ്ചയേയും ഉയര്‍ത്തിപ്പിടിക്കുന്നു. ഈ ഈദുല്‍ അദ്ഹ ദിനത്തില്‍ അനധികൃതമായി കന്നുകാലികളെ കശാപ്പ് നടത്തിയതും അസമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതും അസ്വസ്ഥപ്പെടുത്തുന്ന സംഭവങ്ങളാണ്. ഗുവാഹതി കോട്ടണ്‍ യൂണിവേഴ്‌സിറ്റി, ധുബ്രി, ഹോജയ്, ശ്രീഭൂമി ജില്ലകളില്‍ നിന്നാണ് കശാപ്പ് ചെയ്ത കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സാമുദായിക ഐക്യം നിലനിര്‍ത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പക്ഷേ നിയമവാഴ്ച ബലികഴിക്കാനാവില്ല. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും” ഹിമന്ത ബിശ്വശര്‍മ എക്‌സില്‍ കുറിച്ചു.

സംസ്ഥാനത്ത് ഗോമാംസം കഴിക്കുന്നത് നിയമവിരുദ്ധമല്ല, എന്നാല്‍ 2021ലെ അസം കന്നുകാലി സംരക്ഷണ നിയമപ്രകാരം ഹിന്ദുക്കള്‍, ജൈനന്മാര്‍, സിഖുകാര്‍ എന്നിവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും ക്ഷേത്രത്തിന്റെയോ സത്രത്തിന്റെയോ (വൈഷ്ണവ മഠം) അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലും കന്നുകാലികളെ കൊല്ലുന്നതും ഗോമാംസം വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.