തിരുവനന്തപുരം: മാതൃഭൂമി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസിനെ പൊലീസ് അറസ്റ്റു ചെയ്തു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനാണ് യുവതി പരാതി നല്‍കിയത്.

യുവതിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ:

2015 ഡിസംബറില്‍ അമല്‍ വിഷ്ണുദാസ് കോസ്‌മോപൊളിറ്റന്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് കീഴുദ്യോഗസ്ഥ എന്ന നിലയില്‍ താന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ആസ്പത്രിയില്‍ തനിച്ചായിരുന്നു ഇയാള്‍. താന്‍ വിവാഹിതനാണെങ്കിലും ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുകളുണ്ടെന്നും വിവാഹമോചനത്തിലെത്തി നില്‍ക്കുകയാണെന്നും പറഞ്ഞു. പിന്നീട് ആസ്പത്രി വിട്ട ശേഷം പ്രണയാഭ്യര്‍ത്ഥന നടത്തുകയും ഭാര്യയുമായി വിവാഹമോചനം നേടിയാലുടന്‍ വിവാഹം കഴിക്കാമെന്ന് അമല്‍ വാഗ്ദാനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് നൈറ്റ് ഷിഫ്റ്റിലടക്കം നിരന്തരം ഫോണിലൂടെ വിളിക്കുകയും ഓഫീസിലും ലിഫ്റ്റിലും കാറിലും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭാര്യയെന്ന നിലക്കാണ് ഇയാള്‍ തന്നോട് പെരുമാറിയിരുന്നത്. പിതാവിന്റെ ചികിത്സക്കെന്നു പറഞ്ഞ് പലപ്പോഴും പണം വാങ്ങിയിരുന്നു. എന്നാല്‍ വിവാഹമോചനം നേടിയ ശേഷം തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓഫീസിലെ സീറ്റ് പോലും മറ്റൊരു നിലയിലേക്ക് മാറ്റി. പിന്നീട് നേരില്‍ കണ്ടപ്പോള്‍ തനിക്ക് 48 വയസ്സുള്ള സ്ത്രീയുമായി ഒരു വര്‍ഷത്തിലേറെയായി ബന്ധമുണ്ടെന്ന് അമല്‍ പറഞ്ഞതായി യുവതി പരാതി പറയുന്നു. വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന പറഞ്ഞ അമല്‍ സംഭവം പുറത്തു പറഞ്ഞാല്‍ ജോലിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. നേരത്തെ അമല്‍ വിഷ്ണുദാസ് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും സമാനരീതിയില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു.
മാതൃഭൂമി ന്യൂസ് അധികൃതര്‍ ചാനലില്‍ നിന്ന് അമല്‍ വിഷ്ണുദാസിനെ സസ്‌പെന്റു ചെയ്തു. പരാതിക്കാരിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും ചാനല്‍ വൃത്തങ്ങള്‍ പറഞ്ഞു.