സിംഗപ്പൂര്‍: ഇന്ത്യക്ക് ഇറാനില്‍ നിന്നും എണ്ണ വാങ്ങാമെന്ന പ്രഖ്യാപനവുമായി അമേരിക്ക. ഇന്ത്യയും ചൈനയും അടക്കം എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാമെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇറാനെതിരെ ഉപരോധം തുടരുമ്പോഴും പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തെഹറാനില്‍ നിന്ന് എണ്ണ വാങ്ങിക്കാമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഇന്ത്യക്കും ചൈനക്കും പുറമെ ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറ്റലി, ഗ്രീസ്, തായ്‌വാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇറാനില്‍ നിന്നും എണ്ണവാങ്ങുന്നത് തുടരാനാകും. ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

അമേരിക്കന്‍ ഉപരോധം വന്നാലും ഇറാനില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തിവെക്കില്ലെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്ക ഇറാന്‍ എണ്ണ ഇറക്കുമതിക്ക് അനുമതി നല്‍കിയത്.