ചെങ്ങന്നൂര്‍: ബി.ജെ.പിയെ തിരിഞ്ഞുകുത്തി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ‘ഭീഷണി’. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുമെന്ന അമിത്ഷായുടെ പ്രഖ്യാപനമാണ് ബി.ജെ.പിക്കു തന്നെ വിനയായത്. ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് വന്‍ മാര്‍ജിനിലാണ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. ഇതോടെ അമിത്ഷാ പ്രഖ്യാപനം നടപ്പാക്കണമെന്ന ആവശ്യപ്പെടുന്ന സന്ദേശം സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നുണ്ട്.

2016 തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ളക്ക് ലഭിച്ചത് 42,682 വോട്ടുകളായിരുന്നു. എന്നാല്‍ ഇത്തവണ അത് 35,270 വോട്ടുകളായി ചുരുങ്ങി. 2016നേക്കാള്‍ ബി.ജെ.പിക്ക് 7415 വോട്ടുകളുടെ കുറവാണ് ബി.ജെ.പിക്ക് സംഭവിച്ചത്. പോളിങ് ഉയര്‍ന്നിട്ടും പതിനായിരത്തോളം വോട്ടുകളുടെ കുറവ് വന്നത് ബി.ജെ.പി പാളയത്തില്‍ ഏറെ ചര്‍ച്ചാവിഷയമായിട്ടുണ്ട്.

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് ഉള്‍പ്പെടെയുള്ള നേതാക്കളെ ബി.ജെ.പി പ്രചാരണത്തിനായി എത്തിച്ചിരുന്നു. കൂടാതെ ബി.ജെ.പി എം.പിയും സിനിമാതാരവുമായ സുരേഷ്‌ഗോപിയും പ്രചാരണ രംഗത്ത് സജീവമാണ്. കനത്ത പോളിങും ബി.ജെ.പി ക്യാമ്പുകള്‍ പ്രതീക്ഷ കാത്തു സൂക്ഷിച്ചിരുന്നെങ്കിലും ഫലം വന്നപ്പോള്‍ പാര്‍ട്ടി തകര്‍ന്നടിയുകയായിരുന്നു. കഴിഞ്ഞ തവണത്തെ വോട്ടു പോലും നേടാനായില്ലെന്നത് പാര്‍ട്ടിയെ കനത്ത തിരിച്ചടിയാണ്.

എല്‍.ഡി.എഫിന്റെ സജി ചെറിയാന്‍ ആണ് ചെങ്ങന്നൂരില്‍ വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും വോട്ടിങ് നിലയില്‍ യു.ഡി.എഫിന് മുന്നേറ്റം കാഴ്ചവെക്കാനായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 44897 വോട്ടുകള്‍ നേടിയ യു.ഡി.എഫ് ഇത്തവണ 46347 ഉയര്‍ത്തി.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ പദവിയില്‍ നിന്ന് മാറ്റി ഗവര്‍ണറാക്കിയതോടെ പുതിയ പ്രസിഡന്റ് സംബന്ധിച്ച് ഭിന്നത രൂക്ഷമായിരുന്നു. ഇതിനിടെയായിരുന്നു പാര്‍ട്ടി പരാജയപ്പെട്ടാല്‍ സംസ്ഥാന ഘടകം പിരിച്ചുവിടുമെന്ന അമിത്ഷായുടെ ‘സുപ്രധാന’ പ്രഖ്യാപനം.

ചെങ്ങന്നൂരില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തെ പൂര്‍ണമായും മാറ്റി പുതിയ ആളുകള്‍ക്ക് ചുമതല നല്‍കുമെന്നാണ് അമിത് ഷാ പറഞ്ഞിരുന്നു. താല്‍ക്കാലികമായി രൂപീകരിക്കുന്ന കമ്മിറ്റിയുടെ നിയന്ത്രണം താന്‍ നേരിട്ട് ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി പദ്ധതികള്‍ രൂപീകരിക്കുക ഈ താല്‍ക്കാലിക കമ്മിറ്റിയായിരിക്കുമെന്നും ഷാ പറഞ്ഞിരുന്നു. എന്നാല്‍ കനത്ത പരാജയം ഏറ്റുവാങ്ങി ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുക്കുത്തിയതോടെ അമിത് ഷാ വാക്കുപാലിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.