ഉത്തര്‍പ്രദേശിലെ അലിഗഡ്് മുസ്ലിം സര്‍വ്വകലാശാലയിലെ മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രത്തെച്ചൊല്ലിയുള്ള വിദ്യാര്‍ഥിസംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് സര്‍വകലാശാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉച്ചക്ക് പന്ത്രണ്ടു മണി മുതല്‍ രാത്രി പന്ത്രണ്ടു വരെ അലിഗഡ് നഗരത്തില്‍ പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. കേന്ദ്രസേനയെ സര്‍വകലാശാലാ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ക്യാമ്പസിലെ പള്ളികളില്‍ ഇന്ന് ജുമുഅ നമസ്‌കാരം നടന്നില്ല. ക്യാമ്പസിനകത്തെ പ്രധാന റോഡില്‍ വെച്ചായിരുന്നു ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ജുമുഅ നടന്നത്.

സര്‍വ്വകലാശാലയിലെ യൂണിയന്‍ ഓഫീസില്‍ ദശകങ്ങള്‍ക്കു മുമ്പ് സ്ഥാപിക്കപ്പെട്ട മുഹമ്മദലി ജിന്നയുടെ ചിത്രം ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് ചില വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ജിന്നയുടെ ചിത്രം വച്ചതിന്റെ വിശദീകരണം ആവശ്യപ്പെട്ട് ബിജെപി എംപി സതിഷ് ഗൗതം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിന് കത്തെഴുതുകയുമുണ്ടായി. ചിത്രത്തിനെതിരെ ബിജെപി എംപി എസ് പി മൗര്യയും യു.പി മുഖ്യമന്ത്രി യോഗിആദിത്യനാഥും രംഗത്തെത്തിയിരുന്നു. ജിന്ന ഇന്ത്യയുടെ ശത്രുവാണെന്നും രാജ്യത്തിന്റെ ശത്രുവായ ഒരാളെ ആരും തന്നെ മനസില്‍ കൊണ്ടുനടക്കില്ലെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞതും വിവാദമായി.

ആവശ്യമുന്നയിച്ച് ഹിന്ദു വാഹിനി പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. ചിത്രം നീക്കം ചെയ്തില്ലെങ്കില്‍ ബലമായി എടുത്തുമാറ്റുമെന്നാണ് ഹിന്ദു വാഹിനി നേതാവ് അമിത് ഗോസ്വാമി പ്രഖ്യാപിച്ചിട്ടുള്ളത്.
നൂറ്റി നാല്‍പതിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ അലിഗഡ് ക്യാമ്പസില്‍ വിവിധ കോഴ്‌സുകള്‍ ചെയ്യുന്നുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നാണ് പുറത്തു വരുന്ന വിവരം.