മൂന്നാറില്‍ മുംബൈ സ്വദേശിയായ യുവതിയോട് ടാക്‌സി ഡ്രൈവര്‍മാര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. മോശമായി പെരുമാറിയ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഒത്താശചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. യാത്രയ്ക്ക് ഓണ്‍ലൈന്‍ ടാക്‌സി വിളിച്ചതിനാണ് യുവതിയെ ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയത്.
ആറോളം പേര്‍ യുവതിയോട് മോശമായി പെരുമാറിയെന്നും ഇവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. ഊബര്‍ ഇന്ത്യയിലോ കേരളത്തിലോ നിരോധിച്ചിട്ടില്ലെന്നും മൂന്നാറില്‍ ഗുണ്ടായിസം നടത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
മേുംബൈയിലെ അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി ഓണ്‍ലൈന്‍ ടാക്സി വഴി യാത്ര ചെയ്യുന്നതിനിടെ നേരിട്ട ദുരനുഭവം സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ ആയി പങ്കുവെച്ചതോടെയാണ് സംഭവം വലിയ വിവാദമായത്. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിള്‍ സന്ദര്‍ശിച്ച ശേഷം ജാന്‍വിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയപ്പോള്‍ പ്രാദേശിക ടാക്സി യൂണിയന്‍ അംഗങ്ങള്‍ ‘ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് നിരോധനമുണ്ട് ‘. എന്ന് പറഞ്ഞ് ഇവരെ തടഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നു. സഹായം തേടി പൊലീസിനെ സമീപിച്ചെങ്കിലും സ്ഥലത്തെത്തിയ ഉദോഗ്യസ്ഥരും ടാക്സി യൂണിയന്റെ നിലപാട് തന്നെയാണ് പിന്തുടര്‍ന്നതെന്ന് ജാന്‍വി ആരോപിച്ചു. സുരക്ഷിതത്വം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ കേരളയാത്ര അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. സംഭവം വൈറലായതിനെ തുടര്‍ന്ന് എഎസ്ഐ സാജു പൗലോസിനെയും ഗ്രേഡ് എസ്ഐ ജോര്‍ജ് കുര്യനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തിയ സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.