കോഴിക്കോട്: അരിയില്‍ ഷുക്കൂറിന്റെ കൊലപാതകത്തില്‍ പരാമര്‍ശവുമായി എ.എന്‍ ഷംസീര്‍ എം.എല്‍.എ. ഷുക്കൂറിനെ കൊലപ്പെടുത്തിയത് സി.പി.എമ്മാണെന്ന് ഷംസീര്‍ തുറന്നുസമ്മതിക്കുന്നു. ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന വീഡിയോയില്‍ ഷംസീര്‍ പറയുന്നത് വ്യക്തമാണ്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഷംസീര്‍ എം.എല്‍.എയുടെ പരാമര്‍ശം. കോണ്‍ഗ്രസ്സാണോ മുസ്‌ലിം സഹോദരനാണോ നിങ്ങളുടെ ശത്രു എന്ന് ചോദിച്ച വാര്‍ത്താ അവതാരകനോട് മറുപടി പറയുകയായിരുന്നു ഷംസീര്‍. അരിയില്‍ ഷുക്കൂറിനെ കൊന്ന കേസില്‍ ബന്ധമില്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് ഷംസീര്‍ പറഞ്ഞു.

‘അരിയില്‍ ഷുക്കൂറിനെ കൊന്ന കേസില്‍ ബന്ധമില്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ. അതൊരു പ്ലാന്റ് മര്‍ഡര്‍ ഒന്നുമല്ല, അത് സംഭവിച്ചു പോയതാണ്. മാസ് സൈക്കോളജിയാണ്. ഒരു ജനക്കൂട്ടം ആക്രമിച്ച സംഭവമാണ്. ഞങ്ങളത് ന്യായീകരിക്കാന്‍ വന്നിട്ടില്ലല്ലോ? ഞങ്ങളാ സംഭവം ഇല്ലെന്ന് പറഞ്ഞിട്ടില്ല. ഞങ്ങടെ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പറഞ്ഞിട്ടില്ല’- ഷംസീര്‍ പറഞ്ഞു. കെ.സുധാകരനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ശുഹൈബ് വധത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സി.പി.എമ്മിനെ പ്രതിരോധിക്കുകയായിരുന്നു ഷംസീര്‍. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് ഷംസീറിന്റെ പ്രതികരണം.