ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ആന്ധ്രാപ്രദേശ് ധനമന്ത്രി യനമാല രാമകൃഷ്ണന്ദു രംഗത്ത്. റിസര്‍വ് ബാങ്കിനെയും സിബിഐയെയും പോലുള്ള ദേശസ്ഥാപനങ്ങളെ വിഴുങ്ങാന്‍ നോക്കുന്ന ആനകോണ്ടയാണ് നരേന്ദ്രമോദിയെന്ന് അദ്ദേഹം വിമര്‍ശിച്ചു.

മോദിയെ പോലൊരാളെ എങ്ങനെയാണ് രക്ഷനെന്ന് വിളിക്കാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ദേശ സ്ഥാപനങ്ങളുടെ കാര്യങ്ങളില്‍ മോദി അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു രാജ്യത്തെ ജനാധിപത്യത്തെയും അതിന്റെ സ്ഥാപനങ്ങളെയും കാത്തുരക്ഷിക്കുകയാണ് മുഖ്യ ഉത്തരവാദിത്വമെന്ന് പ്രസ്താവനയിറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് യനമാല രാമകൃഷ്ണന്ദുവിന്റെ പ്രസ്താവന.

2014ന് സമാനമായി ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടക്കുന്ന ആന്ധ്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാനാണ് ടി.ഡി.പിയുടെ തീരുമാനം.