കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിനെയും അക്രമിസംഘം തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കെവിന്റെ ബന്ധു അനീഷിന്റെ മൊഴിയിലാണ് നിര്‍ണായക വെളിപ്പെടുത്തലുള്ളത്.

നീനു ഞായറാഴ്ച രാവിലെ 11 മണിക്ക് ഗാന്ധി നഗര്‍ സ്റ്റേഷനില്‍ പരാതി നല്‍കുമ്പോള്‍ നീനുവിനെ തട്ടികൊണ്ടുപോകാനായി അക്രമിസംഘം പുറത്തു കാത്തു നില്‍ക്കുന്നുണ്ടായിരുന്നുവെന്നും അനീഷ് പൊലീസിന് മൊഴി നല്‍കി.

നീനുവിനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടുപോകാനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് വിവരം. തന്നെയും കെവിനെയും തട്ടിക്കൊണ്ടുപോയ സംഘത്തില്‍പ്പെട്ടവര്‍ പുറത്തുണ്ടെന്ന് പറഞ്ഞിട്ടും ഗാന്ധിനഗര്‍ പൊലീസ് നടപടിയെടുത്തില്ലെന്ന് അനീഷ് പറഞ്ഞു.
കെവിനെ തട്ടികൊണ്ടുപോയതു മുതല്‍ പൊലീസിനു സംഭവത്തെക്കുറിച്ച് കൃത്യമായ വിവരമുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

അക്രമിസംഘത്തിന്റെ കാര്‍ രണ്ടുവട്ടം പൊലീസിന്റെ മുന്നില്‍ പെട്ടിട്ടും വേണ്ടപോലെ ചോദ്യം ചെയ്തില്ല. മാത്രമല്ല ഇവര്‍ക്കു വഴി പറഞ്ഞു കൊടുക്കുകയും ചെയ്തതായി അനീഷ് പറഞ്ഞു.
ഗുണ്ടാ സംഘത്തിനു പൊലീസ് നല്‍കിയ പിന്തുണ വ്യക്തമാക്കുന്ന 14 തെളിവുകള്‍ ലഭിച്ചതോടെ എഎസ്‌ഐ ബിജു, പൊലീസ് പെട്രോള്‍ സംഘത്തിലെ ഡ്രൈവര്‍ അജയകുമാര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.