അങ്കണവാടി കെട്ടിടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളില്‍ ഫിറ്റ്‌നസ് പരിശോധന നടക്കുന്നില്ലെന്നും പരിശോധനയുടെ അഭാവത്തില്‍ പല അങ്കണവാടികളും അത്യന്തം അപകടകരമായ അവസ്ഥയിലുള്ള കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞുങ്ങളുടെ ജീവന്‍ ആശങ്കയുടെ നിഴലിലാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്.
സ്വന്തമായി കെട്ടിടമുള്ളതോ സര്‍ക്കാറിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ അധീനതയിലുള്ള സ്ഥാപനങ്ങളിലോ പ്രവര്‍ത്തിച്ചുവരുന്ന അങ്കണവാടികളുടെ വാര്‍ഷിക അറ്റകുറ്റപ്പണി എല്ലാ വര്‍ഷവും ഏപ്രില്‍-മെയ് മാസങ്ങളില്‍ ചെയ്യണമെന്ന നിര്‍ദേശം ബന്ധപ്പെട്ട മിക്ക തദ്ദേശസ്ഥാപനങ്ങളും പാലിക്കുന്നില്ല. വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തേണ്ട ചുമതല കെട്ടിടമുടമക്കാണ്. വാടക കൃത്യമായി കൈപ്പറ്റുന്നതല്ലാതെ ഇത് ചെയ്യുന്ന ഉടമകള്‍ വളരെ കുറവാണ്. 2011 മാര്‍ച്ച് 22ലെ തദ്ദേശവകുപ്പ് സര്‍ക്കുലര്‍ പ്രകാരം എല്ലാ വര്‍ഷവും മേയ് 10 നകം തദ്ദേശവകുപ്പ് എഞ്ചിനീയറോ ഓവര്‍സീയറോ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതടക്കം എല്ലാ അങ്കണവാടികളുടെയും സുരക്ഷ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ അങ്കണവാടികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് സാമൂഹ്യനീതിവകുപ്പിന്റെ നിര്‍ദേശം.
അങ്കണവാടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ അറ്റകുറ്റപ്പണി നടത്തുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ അധ്യക്ഷന്‍ എല്ലാ വര്‍ഷവും മാര്‍ച്ച് അവസാനം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അങ്കണവാടി പ്രവര്‍ത്തകര്‍, എഞ്ചിനീയര്‍/ഓവര്‍സീയര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതി വിലിയിരുത്തുകയും വ്യക്തവും സമയബന്ധിതവുമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കുകയും വേണം. വിരലിലെണ്ണാവുന്ന തദ്ദേശസ്ഥാപനങ്ങള്‍ മാത്രമേ ഈ പരിശോധന നടത്തുന്നുള്ളു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.കൊല്ലം നഗരസഭ പരിധിയില്‍ 30 ഓളം അങ്കണവാടികളുടെ സ്ഥിതി ദയനീയമാണ്. കൊച്ചി നഗരസഭയില്‍ അങ്കണവാടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനമൊന്നും നടക്കുന്നില്ല. നഗരാതിര്‍ത്തിയിലുള്ള അങ്കണവാടികളുടെ അവസ്ഥയും അതീവദയനീയമാണ്. കണ്ണൂര്‍ നഗരസഭയില്‍ അങ്കവാടികളില്‍ ഭൂരിഭാഗത്തിനും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. പല അങ്കണവാടികളിലും മഴ പെയ്താല്‍ ചോരുന്ന അവസ്ഥയിലും തറ പൊട്ടിപ്പൊളിഞ്ഞ നിലയിലുമാണ്. ഭക്ഷ്യവസ്തുക്കള്‍ കേടാകാതെയും എലി,പാറ്റ എന്നിവയില്‍ നിന്നും സംരക്ഷിക്കാനുള്ള സംവിധാനമില്ല.
ചില സ്ഥലങ്ങളില്‍ വീടിന്റെ ഒരു ഭാഗം അങ്കണവാടിക്കായി വാടകക്ക് നല്‍കിയിരിക്കുകയാണ്. കുട്ടികളുടെ സൈ്വര്യവിഹാരത്തിന് ഇത് തടസമാകുകയാണ്. പരിശോധന നടത്തിയ അങ്കണവാടികളില്‍ 31 ശതമാനത്തില്‍ മാത്രമേ കുടിവെള്ള സൗകര്യം ഉള്ളു. ബാക്കിയുള്ളവര്‍ പൊതുടാപ്പിനേയോ അയല്‍വീടുകളേയോ ആണ് ആശ്രയിക്കുന്നത്. ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതിന് പുറമെ ഉള്ള സ്ഥലങ്ങളില്‍ ശോചനീയ അവസ്ഥയുമാണ്. 83 ശതമാനം അങ്കണവാടികളിലും ശിശു സൗഹൃദ ശൗച്യാലയങ്ങള്‍ സൗകര്യമില്ല. ഗ്യാസ് കണക്ഷനും വൈദ്യുതിയും ഇല്ലാത്ത അങ്കണവാടികളുമുണ്ട്. 58 ശതമാനം അങ്കണവാടികളില്‍ മാത്രമാണ് വൈദ്യുതിയുള്ളത്. സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു എന്നാല്‍ പല തദ്ദേശസ്ഥാപനങ്ങളും ഇത് നടപ്പാക്കിയിട്ടില്ല.