കൊച്ചി: നടി പാര്‍വതിക്കെതിരായ സൈബറാക്രമണത്തില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. കോളജ് വിദ്യാര്‍ത്ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്.

പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയാള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ ഇതേ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. എറണാകുളം സൗത്ത് പൊലീസ് കൊല്ലത്തെത്തിയാണ് റോജനെ കസ്റ്റഡിയിലെടുത്തത്.

മമ്മൂട്ടി നായകനായ കസബയെന്ന ചിത്രത്തെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അസഭ്യവര്‍ഷം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍വതി ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കു പരാതി നല്‍കുകയായിരുന്നു.

തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ചു നടന്ന ഓപ്പണ്‍ ഫോറത്തിലാണ് കസബ സിനിമയെ വിമര്‍ശിച്ച് പാര്‍വതി സംസാരിച്ചത്. സ്ത്രീവിരുദ്ധതയാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നും മമ്മൂട്ടി അത്തരമൊരു ചിത്രത്തില്‍ അഭിനയിച്ചത് അത്യന്തം സങ്കടകരമാണെന്നുമായിരുന്നു പാര്‍വതിയുടെ പ്രതികരണം.