തിരുവനന്തപുരം: അമ്പൂരിയില്‍ പ്രതി അഖിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതി അഖിലുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ പൊലീസ് മടങ്ങി. അഖിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വലിയ സംഘര്‍ഷമാണ് പ്രദേശത്ത് ഉണ്ടാത്. അഖിലുമായി എത്തിയ പൊലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. രാഖി കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്ത ശേഷം മതി തെളിവെടുപ്പെന്നും ആക്രോശിച്ചാണ് ജനക്കൂട്ടം അക്രമാസക്തരായത്.

കൂവിവിളിച്ചെത്തിയ ജനക്കൂട്ടം അഖിലിനെ കല്ലെറിഞ്ഞു. തെളിവെടുപ്പ് തടസപ്പെടുത്തും വിധം പൊലീസ് വാഹനം തടഞ്ഞുവച്ചതോടെ നാട്ടുകാരെ വിരട്ടിയോടിക്കാന്‍ പൊലീസ് ലാത്തി വീശി. തെളിവെടുപ്പ് തടസപ്പെടുത്തരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടും പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യവും ഉണ്ടായി. അഖിലിന്റെ പുതിയ വീട്ടിലും സമീപത്തുമെല്ലാം സംഘര്‍ഷത്തിനിടയിലും പൊലീസ് തെളിവെടുപ്പ് നടപടികള്‍ക്കെത്തിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകാതെ പൊലീസ് മടങ്ങുകയായിരുന്നു

വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് മുഖ്യ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. രാഖിയുടെ കഴുത്തില്‍ മുറുക്കിയ കയര്‍ എടുത്ത് നല്‍കാമെന്ന് പറഞ്ഞ അഖിലിന്റെ കൈവിലങ്ങുകള്‍ പൊലീസ് അഴിച്ച് മാറ്റിയെങ്കിലും പ്രതിധേഷത്തെ തുടര്‍ന്ന് തൊണ്ടിമുതല്‍ എടുക്കാനാകാതെ പൊലീസ് മടങ്ങുകയായിരുന്നു.