മുംബൈ: നടി പായല്‍ ഘോഷ് തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച് സംവിധായകനും ആക്ടിവിസ്റ്റുമായ അനുരാഗ് കശ്യപ്. തന്നെ നിശ്ശബ്ദനാക്കാന്‍ ഏറെക്കാലമായി ശ്രമം നടക്കുകയാണെന്ന് കശ്യപ് ട്വീറ്റില്‍ പറഞ്ഞു. തനിക്കെതിരായ നീക്കത്തില്‍ പല സ്ത്രീകളെയും വലിച്ചിഴക്കുകയാണ്. ഇതിനൊരു പരിധി വേണം. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ് കശ്യപ് പറഞ്ഞു.

എനിക്കെതിരായ ആരോപണത്തിലേക്ക് മറ്റ് ആര്‍ട്ടിസ്റ്റുകളെയും ബച്ചന്‍ കുടുംബത്തെയും വലിച്ചിഴക്കാന്‍ നിങ്ങള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഞാന്‍ രണ്ടു തവണ വിവാഹം കഴിച്ചിട്ടുണ്ട്. അതാണ് കുറ്റമെങ്കില്‍ അത് ഞാന്‍ സ്വീകരിക്കാം.നിങ്ങള്‍ പറഞ്ഞതില്‍ എത്രത്തോളം ശരിയുണ്ടെന്നും ഇല്ലെന്നും നിങ്ങളുടെ വിഡിയോയില്‍ തന്നെ വ്യക്തമാണ്. എന്തു സംഭവിക്കുമെന്ന് നമുക്ക് കാണാം. ആശംസകള്‍ കശ്യപ് ട്വീറ്റില്‍ മറുപടി നല്‍കി.

തെലുങ്ക്ഹിന്ദി നടിയായ പായല്‍ ഘോഷ് ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തന്നോട് അങ്ങേയറ്റം മോശമായി പെരുമാറിയെന്ന് ആരോപണമുന്നയിച്ചത്. ആരോപണത്തിന് പിന്നാലെ നടിക്ക് പിന്തുണയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. കശ്യപിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു കങ്കണ പറഞ്ഞത്.