മുബൈ: ലൈംഗിക ആരോപണം നേരിടുന്ന ആക്ടിവിസ്റ്റും സംഘ്പരിവാര്‍ വിരുദ്ധനുമായ സംവിധായകന്‍ അനുരാഗ് കശ്യപിന് പിന്തുണയുമായി അദ്ദേഹത്തിന്റെ മുന്‍ ഭാര്യയും നടിയുമായ കല്‍ക്കി. വിവാഹബന്ധം വേര്‍പെട്ടതിന് ശേഷവും തന്റെ അവകാശത്തിനുവേണ്ടി നിലകൊണ്ട ആളാണ് അനുരാഗെന്നും വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സ്ത്രീകളുടെ അവകാശത്തിനുവേണ്ടി സംസാരിക്കുന്ന ആളാണ് അദ്ദേഹമെന്നതില്‍ താന്‍ സാക്ഷിയാണെന്നും, ഏറെ വൈകാരികമായ കുറിപ്പില്‍ കല്‍ക്കി പറഞ്ഞു. അനുരാഗിനെതിരെ ബോളിവുഡ് നടി പായല്‍ ഘോഷ് ലൈംഗിക ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ കല്‍ക്കി തന്റെ അനുഭവം കുറിച്ചത്. എല്ലാത്തിനേയും തകര്‍ക്കുന്ന ഈ വെര്‍ച്വല്‍ ലോകത്തിപ്പുറം നിങ്ങള്‍ക്ക് പരിചിതമായ അന്തസ്സുള്ളൊരു സ്ഥലമുണ്ട്. നിങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകൊണ്ട് ആ അന്തസ്സില്‍ നിങ്ങള്‍ ശക്തനായി നിലനില്‍ക്കൂ, എ്ന്നും മുന്‍ ഭാര്യ പിന്തുണ നല്‍കി കുറിച്ചു.

കല്‍ക്കിയുടെ കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട അനുരാഗ്, ഈ സോഷ്യല്‍ മീഡിയ സര്‍ക്കസ് നിങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കൂ. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിങ്ങളുടെ സ്‌ക്രിപ്റ്റിലൂടെ പോരാടിയിട്ടുള്ള ആളാണ് നിങ്ങള്‍. അവരുടെ അവകാശത്തിനായി വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും നിങ്ങള്‍ പോരാടി. ഞാന്‍ അതിന് സാക്ഷിയായിട്ടുണ്ട്. വ്യക്തി ജീവിതത്തിലും പ്രൊഫണല്‍ ജീവിതത്തിലും എന്നെ തുല്യയായിട്ടാണ് നിങ്ങള്‍ എന്നും കണ്ടത്. വിവാഹത്തിന് ശേഷം പോലും എന്റെ അവകാശങ്ങള്‍ക്കായി നിങ്ങള്‍ നിലകൊണ്ടു. നമ്മള്‍ ഒരുമിക്കുന്നതിന് മുന്‍പ് തന്നെ ജോലി സ്ഥലത്ത് ഞാന്‍ അരക്ഷിതത്വം അനുഭവിച്ചപ്പോഴൊക്കെ എന്നെ പിന്തുണച്ചിട്ടുണ്ട്. തെറ്റായ പ്രചരണങ്ങളിലൂടെ ആര്‍ക്കും ആരെയും താറടിക്കാന്‍ കഴിയുന്ന വിചിത്രമായ സമയമാണ് ഇത്. ഇത് കുടുംബങ്ങളേയും സുഹൃത്തുക്കളേയും രാജ്യങ്ങളേയും തകര്‍ക്കും. എന്നാല്‍ ഈ ക്രൂരമായ വെര്‍ച്വല്‍ ലോകത്തിന് അപ്പുറം അന്തസ്സുള്ള ഒരു സ്ഥലമുണ്ട്. ചുറ്റുമുള്ളവരുടെ ആവശ്യങ്ങളെ കേള്‍ക്കുന്ന, കരുണയുള്ള ആരും നോക്കാത്ത ഒരു സ്ഥലം. നിങ്ങള്‍ക്ക് അത് പരിചിതമാണെന്ന് എനിക്കറിയാം. ആ അന്തസ്സില്‍ നിങ്ങള്‍ പിടിച്ചുനില്‍ക്കൂ. നിങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകൊണ്ട് ശക്തനായി നിലനില്‍ക്കൂ. സ്നേഹത്തോടെ മുന്‍ ഭാര്യ

വീട്ടിലേക്ക് വിളിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്ന ആരോപണമാണ് നടി നടി പായല്‍ ഘോഷ് ഉയര്‍ത്തിയത്. പറയുന്നത്. എന്നാല്‍, ആരോപണം നിക്ഷേധിച്ചുകൊണ്ട് അനുരാഗ് രംഗത്തെത്തി. തപ്‌സി പന്നു അടക്കം ബോളിവുഡിലെ നിരവധി നടിമാരാണ് അനുരാഗിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.