ന്യൂഡല്‍ഹി: ഡോക്ടര്‍ കഫീല്‍ ഖാനും കുടുംബവും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ചു. കഫീല്‍ ഖാന്റെ ഭാര്യ ഡോ. ഷബിസ്ത ഖാന്‍, ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു, യു.പി ന്യൂനപക്ഷ സെല്‍ മേധാവി ഷാനവാസ് ഖാന്‍ എന്നിവരും കഫീല്‍ ഖാനൊപ്പമുണ്ടായിരുന്നു. ജയില്‍മോചനത്തിന് സഹായിച്ച പ്രിയങ്കഗാന്ധിയോട് കഫീല്‍ഖാനും കുടുംബവും നന്ദിയറിയിച്ചു.

കഫീല്‍ ഖാന് തുടര്‍ന്നും സഹായങ്ങളും സുരക്ഷയും പ്രിയങ്കഗാന്ധി ഉറപ്പുനല്‍കിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജയ്പൂരിലേക്ക് താമസം മാറിയതെന്ന് നേരത്തേ കഫീല്‍ ഖാന്‍ പ്രതികരിച്ചിരുന്നു.

‘പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ ഉപദേശിച്ചു. ഞങ്ങള്‍ക്ക് സുരക്ഷിതമായ താവളമൊരുക്കാമെന്നും ഉറപ്പ് നല്‍കി. യു.പി സര്‍ക്കാര്‍ നിങ്ങളെ മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നും പ്രിയങ്ക പറഞ്ഞു. അതിനാല്‍ യു.പിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു’-കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു.

ഡോ. കഫീല്‍ ഖാന്‍ ഈ മാസം ആദ്യമാണ് മോചിതനായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബര്‍ 13ന് അലീഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ പ്രസംഗിച്ചെന്ന കാരണം ചൊല്ലിയാണ് കഫീല്‍ ഖാനെ ദേശസുരക്ഷ നിയമം ചുമത്തി അറസ്റ്റ് ചെയതത്.