ഇന്ത്യന്‍ വിപണി കീഴടക്കാന്‍ വന്‍ ഓഫറുമായി ആപ്പിള്‍. തങ്ങളുടെ ഐഫോണ്‍ 11 ന് വിലക്കിഴിവ് നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്ന ഒരു ഓഫര്‍. ഫോണ്‍ 53,400 രൂപയ്ക്ക് ദീപാവലി ദിനങ്ങളില്‍ വില്‍ക്കുമെന്നും, ഒപ്പം 14,900 രൂപ വിലയുള്ള എയര്‍പോഡ്‌സ് ഫ്രീ ആയും നല്‍കുമെന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കമ്പനി സ്വന്തമായി അവതരിപ്പിച്ച ഓണ്‍ലൈന്‍ സ്‌റ്റോറിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുക എന്ന ലക്ഷ്യം കൂടെ ഇതിനുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ഒക്ടോബര്‍ 17 മുതല്‍ ആപ്പിളിന്റെ ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും ഈ ഓഫര്‍ ലഭ്യമാകുക.

ഇതു വരെ പ്രഖ്യാപിച്ചിരിക്കുന്ന ഏക ഓഫര്‍ ഇതാണെങ്കിലും താമസിയാതെ കൂടുതല്‍ ഓഫറുകളും പ്രതീക്ഷിക്കാമെന്നും പറയുന്നു. സാധാരണഗതിയില്‍ 64 ജിബി ഐഫോണ്‍ 11ന്റെ വില 68,300 രൂപയാണ്. ഐഫോണ്‍ 12 സീരിസ് അടുത്ത ദിവസം അവതരിപ്പിക്കും. അവ വില്‍പ്പനയ്ക്ക് എത്തുമ്പോള്‍ ഐഫോണ്‍ 11 സീരിസിന്റെ വില സ്വാഭാവികമായും കുറയ്ക്കും. എന്നാല്‍, ഒരു വര്‍ഷം പഴയ മോഡല്‍ മതിയന്നു തീരുമാനിച്ചാല്‍, എയര്‍പോഡ്‌സ് ഫ്രീ നല്‍കുന്ന ഓഫര്‍ കൂടുതല്‍ സ്വീകാര്യമാണെന്നു പറയാം.

ആപ്പിള്‍ ഇന്ത്യയില്‍ ആരംഭിച്ച് സ്‌റ്റോറിന്റെ സ്വീകാര്യത കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമാണ് ഈ ഓഫര്‍ നല്‍കുന്നതെങ്കിലും മറ്റുള്ള കമ്പനികളെ ഇത് വലിയ രീതിയില്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.