അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനക്ക് വിജയം. വെനസ്വേലയെ 1-0ന് തോല്‍പ്പിച്ചാണ് ലയണല്‍ സ്‌കലോണിയുടെ ടീം മികവ് തെളിയിച്ചത്. ലയണല്‍ മെസ്സി ഇല്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയതെങ്കിലും, മത്സരമൊട്ടാകെ ആധിപത്യം പുലര്‍ത്തി അവര്‍ വിജയം സ്വന്തമാക്കി.
ജിയൊവനി ലോ സെല്‍സോയാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഏക ഗോള്‍ നേടിയത്. 31-ാം മിനിറ്റില്‍ ലൗത്താറോ മാര്‍ട്ടിനസിന്റെ അസിസ്റ്റ് വഴിയാണ് സെല്‍സോയുടെ ഗോളിന് ജന്മം ലഭിച്ചത്.
4-2-2-2 ഫോര്‍മേഷനില്‍ ഇറങ്ങിയ അര്‍ജന്റീന മുന്നേറ്റങ്ങളിലൂടെയും പാസ് കണ്‍ട്രോളിലൂടെയും പന്തിന്റെ പൂര്‍ണ്ണ നിയന്ത്രണം കൈവശപ്പെടുത്തി. 69 ശതമാനം സമയം പന്ത് നിയന്ത്രിക്കാനും, 11 ഷോട്ടുകള്‍ ഗോള്‍ ലക്ഷ്യമാക്കി അയക്കാനും ടീമിന് സാധിച്ചു. വെനസ്വേല പ്രതിരോധത്തിലൊതുങ്ങിയപ്പോഴും അര്‍ജന്റീനയുടെ ആക്രമണം നിരന്തരമായി തുടരുകയായിരുന്നു.
അതേസമയം, നവംബറില്‍ കേരളത്തിലെത്തുന്ന അര്‍ജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ലോകചാമ്പ്യന്‍മാരെ നേരില്‍ കാണാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.