X

അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കും; സൂചന നല്‍കി സ്‌കലോനി

അര്‍ജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നുവെന്ന സൂചന നല്‍കി ലിയോണല്‍ സ്‌കലോനി. ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമായിരുന്നു സ്‌കലോനിയുടെ പ്രസ്താവന.

36 വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില്‍ മെസ്സിക്കും സംഘത്തിനും ലോകകിരീടം സമ്മാനിച്ച പരിശീലകനാണ് സ്‌കലോനി. അതിനുമുമ്പ് കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും സ്‌കലോനിയുടെ കീഴില്‍ അര്‍ജന്റീന സ്വന്തമാക്കിയിരുന്നു.

ഭാവിയില്‍ താന്‍ എന്തുചെയ്യാന്‍ പോകുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് സ്‌കലോണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരിശീലകനെന്ന നിലയില്‍ അര്‍ജന്റീനന്‍ താരങ്ങള്‍ മികച്ച പിന്തുണ നല്‍കി. ശക്തനായ ഒരു പരിശീലകനെ ഇനിയും അര്‍ജന്റീനന്‍ ടീമിന് ആവശ്യമാണ്. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ പ്രസിഡന്റുമായും കളിക്കാരുമായും പിന്നീട് സംസാരിക്കുമെന്നും സ്‌കലോനി വ്യക്തമാക്കി.

ഇതൊരു വിടപറച്ചിലായി കാണേണ്ടതില്ലെന്നും സ്‌കലോണി അറിയിച്ചു. എങ്കിലും പരിശീലക സ്ഥാനത്ത് തുടരുന്നതില്‍ തനിക്ക് ചിന്തിക്കേണ്ടതുണ്ട്. ടീമിന്റെ കളി നിലവാരം എപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കണമെന്നും ലിയോണല്‍ സ്‌കലോനി വ്യക്തമാക്കി.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കളിച്ച ആറില്‍ 5 മത്സരങ്ങളും അര്‍ജന്റീന വിജയിച്ചു. ഒന്നില്‍ മാത്രമാണ് പരാജയമറിഞ്ഞത്. പോയിന്റ് പട്ടികയിലും അര്‍ജന്റീനയ്ക്കാണ് ഒന്നാം സ്ഥാനം. ആറ് മത്സരങ്ങളില്‍ 13 പോയിന്റുള്ള ഉറുഗ്വെ രണ്ടാമതുണ്ട്. തുടര്‍ച്ചയായ മൂന്നാം മത്സരവും തോറ്റ ബ്രസീല്‍ ആറാം സ്ഥാനത്താണ്.

ഫിഫയുടെ ഏറ്റവും മികച്ച പരിശീലകനുള്ള അവാര്‍ഡും ഈ ചുരുങ്ങിയ കാലയളവില്‍ അദ്ദേഹം നേടി.

webdesk13: