ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി വധിച്ചതിന് പിന്നാലെയാണ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട പൊലീസുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന കുല്‍ഗാമിലെ ഖുദ്വാനിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസും സൈന്യവും പ്രദേശത്ത് തിരിച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രണ്ട് ദിവസം മുമ്പ് സലീം അഹമ്മദ് ഷാ എന്ന പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി വധിച്ച ഭീകരരാണ് സൈന്യവുമായി ഏറ്റുമുട്ടുന്നതെന്നാണ് വിവരം. നാല് തീവ്രവാദികള്‍ കൂടി പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.