ന്യൂഡല്‍ഹി: ടൈംസ് നൗ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് ‘വൈ’ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാകിസ്താനില്‍ നിന്നുള്ള തീവ്രവാദി സംഘങ്ങളുടെ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോസ്വാമിക്ക് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുഴുസമയം 24 ഗാര്‍ഡുകളുടെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനമാണ് വൈ കാറ്റഗറി. രണ്ട് വ്യക്തിഗത ഗാര്‍ഡുകള്‍ എപ്പോഴും സുരക്ഷ നല്‍കപ്പെടുന്ന വ്യക്തിയുടെ കൂടെയുണ്ടാവും.

സ്ഥാനം, ഭീഷണി എന്നിവയുടെ അടിസ്ഥാനത്തില്‍ രണ്ട് തരത്തിലുള്ള സുരക്ഷയാണ് സര്‍ക്കാര്‍ വ്യക്തികള്‍ക്ക് നല്‍കുന്നത്. കാബിനറ്റ് മന്ത്രമാര്‍, സുപ്രീം കോടതി ജഡ്ജുമാര്‍ തുടങ്ങിയവര്‍ക്ക് സ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ നല്‍കുമ്പോള്‍ ഭീഷണിയുണ്ടെന്ന ഐ.ബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവര്‍ക്കുള്ള സുരക്ഷ.

പാകിസ്താനിലുള്ള ഭീകരര്‍ക്കെതിരെ അര്‍ണാബ് ടൈംസ് നൗവിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍, തീവ്രവാദ ഗ്രൂപ്പുകള്‍ അദ്ദേഹത്തെ ലക്ഷ്യമിടാന്‍ കാരണമായേക്കാമെന്ന ഐ.ബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈ സുരക്ഷ നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ഗോസ്വാമി മുംബൈയില്‍ ആയതിനാല്‍ മഹാരാഷ്ട്ര പൊലീസിനായിരിക്കും സുരക്ഷാ ചുമതല.

ബി.ജെ.പി സര്‍ക്കാറിനെ പിന്തുണക്കുന്നതിന്റെ പേരിലാണ് ഗോസ്വാമിക്ക് സുരക്ഷ നല്‍കുന്നതെന്ന വിമര്‍ശനം ശക്തമാണ്. നേരത്തെ യോഗഗുരു ബാബാ രാംദേവ്, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്, സീ ന്യൂസിന്റെ സുധീര്‍ ചൗധരി എന്നിവര്‍ക്ക് കേന്ദ്രം സുരക്ഷ നല്‍കിയിരുന്നു. ബി.ജെ.പി, ആര്‍.എസ്.എസ് നിലപാട് പരസ്യമായി പ്രകടിപ്പിച്ചവരാണിവര്‍.

അരിശം മറച്ചുവെക്കാതെ സോഷ്യല്‍ മീഡിയ

ന്യൂസ് അവര്‍ ചര്‍ച്ചകളിലും മറ്റും പരസ്യമായി ബി.ജെ.പി, സംഘപരിവാര്‍ അനുകൂല നിലപാടുകളെടുക്കുന്ന അര്‍ണാബ് ഗോസ്വാമിക്ക്, പൊതുഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് സുരക്ഷ നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ‘തൊമ്മിക്ക് സുരക്ഷ’ #TommyGetsSecurity  എന്ന പേരില്‍ ട്വിറ്ററില്‍ പ്രതിഷേധം ടോപ് ട്രെന്‍ഡായി മാറി. പ്രതിഷേധവും പരിഹാസവുമാണ് മിക്ക ട്വീറ്റുകളിലും പ്രതിഫലിക്കുന്നത്.