മുംബൈ: ഇടക്കാല ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചു. ആത്മഹത്യപ്രേരണക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് അര്‍ണബ്. നവംബര്‍ 4നാലിനാണ് അര്‍ണബിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

അര്‍ണബിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം തള്ളിയാണ് ദീപാവലി അവധിയായിട്ടും പ്രത്യേകം സമ്മേളിച്ച കോടതി ഇടക്കാലജാമ്യം നിഷേധിച്ചത്. പ്രതിക്കുമുന്നില്‍ സ്ഥിരം ജാമ്യത്തിന് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കാമെന്ന മാര്‍ഗമുള്ളപ്പോള്‍ ഹൈക്കോടതി ഇടപെട്ട് ഇടക്കാല ജാമ്യം അനുവദിക്കേണ്ട അസാധാരണ സാഹചര്യമൊന്നും നിലവിലില്ലെന്ന് കോടതി വ്യക്തമാക്കി.

ഹൈക്കോടതിയെ സമീപിക്കുമ്പോള്‍ അര്‍ണബ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് എന്നതുകൊണ്ടുതന്നെ അദ്ദേഹത്തെ നിയമവിരുദ്ധമായി തടങ്കലില്‍വെച്ചിരിക്കുകയാണ് എന്നു പറയാനാവില്ല. പരാതിക്കാരുടെ ഭാഗം കേള്‍ക്കാതെ അന്വേഷണം അവസാനിപ്പിച്ച കേസില്‍ പുനരന്വേഷണം നടത്തുന്നതില്‍ നിയമവിരുദ്ധമായോ ക്രമവിരുദ്ധമായോ എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു.