എറണാകുളം മൂവാറ്റുപുഴയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 150 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആവോലി പഞ്ചായത്തിലെ നടുക്കരയില്‍ ഒരു മാസം മുന്‍പ് നടന്ന മധുരം വെയ്പ്പ് ചടങ്ങില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.
ആവോലി, മാറാടി, ആരക്കുഴ പഞ്ചായത്തുളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. ചടങ്ങില്‍ ഭക്ഷണം തയ്യാറാക്കിയ കാറ്ററിംഗ് കമ്പനിയിലെ വെള്ളത്തില്‍ നിന്നുമാണ് മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്‌റെ പ്രാഥമിക കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് മാറാടിയില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനം അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.
മെയ് അഞ്ചിനാണ് വിവാഹം നടന്നത്. എന്നാല്‍ മൂന്നാം തീയതി നടുക്കരയിലെ വീട്ടില്‍ അടുത്ത സുഹൃത്തുക്കള്‍ക്കുമായി നടത്തിയ മധുരം വയ്പ് ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.വിവിധ ജില്ലകളില്‍ നിന്നടക്കം 150 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. വരും ദിവസങ്ങളില്‍ മാത്രമേ കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കാന്‍ സാധിക്കുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.