ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ചക്രവാളത്തില്‍ ഇടിമുഴക്കം സൃഷ്ടിച്ചുകൊണ്ട് മനുവാദി ഭരണഘടനയായ മനുസ്മൃതി കത്തിച്ച് സാമൂഹ്യ നവോത്ഥാനത്തിന്റെ അജയ്യ പോരാളിയായി മാറിയ ഭാരതരത്‌നം ഡോ. ബാബാസാഹിബ് അംബേദ്കറുടെ ഒരു ചരമദിനവും കടന്നുപോയിരിക്കുന്നു. മഹാരാഷ്ട്രയില്‍ രത്‌നഗിരി ജില്ലയില്‍ സെന്‍ട്രല്‍ പ്രൊവിന്‍സിലെ മൗവ്വ് എന്ന സ്ഥലത്ത് മഹര്‍ജാതിയില്‍പ്പെട്ട റാംജിയുടെയും ഭീമാഭായിയുടെയും പതിനാലാമത്തെ പുത്രനായി 1891 ഏപ്രില്‍ പതിനാലിനാണ് അംബേദ്കര്‍ ജനിച്ചത്. ബ്രിട്ടീഷുകാരുടെ ഭരണത്തിന് കീഴില്‍ രൂപീകരിച്ച മഹര്‍സേനയില്‍പ്പെട്ടവരായിരുന്നു അംബേദ്കറുടെ പൂര്‍വ്വ പിതാക്കന്മാര്‍. അദ്ദേഹത്തിന്റെ പിതാമഹന്‍ മലോജിയും പിതാവ് റാംജിയും മഹര്‍സേനയിലെ പട്ടാളക്കാരായിരുന്നു. സാമൂഹ്യ പരിഷ്‌കര്‍ത്താവ് മഹാത്മ-ജോതി ബഫുലേയുടെ കടുത്ത ആരാധകനായിരുന്ന റാംജി. അംബേദ്കറുടെ അഞ്ചാം വയസില്‍ അദ്ദേഹത്തിന്റെ മാതാവ് മരണപ്പെട്ടു. മാതാവിന്റെ അഭാവത്തില്‍ അമ്മാവിയായ മീരാബായിയാണ് അംബേദ്കറെ വളര്‍ത്തിയത്. മഹര്‍ സമുദായത്തെ ആ കാലഘട്ടത്തിലെ ഭക്തി പ്രസ്ഥാനം വളരെയേറെ സ്വാധീനിച്ചിരുന്നു. ജാതി വ്യവസ്ഥക്കെതിരെ ഭക്തി പ്രസ്ഥാനം നടത്തിവന്ന പ്രവര്‍ത്തനങ്ങളും പ്രഖ്യാപനങ്ങളും നവീകരണവും ഇന്ത്യന്‍ സാമൂഹിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്. സവിശേഷമായ മൂന്ന ഭക്തിപ്രസ്ഥാനങ്ങളാണ് അന്ന് മഹര്‍ സമുദായത്തില്‍ ഉയര്‍ന്നുവന്നത്. കബീറും രാമാനന്ദനും നാഥും ഉയര്‍ത്തിയ ചിന്താവിപ്ലവങ്ങള്‍ മഹര്‍ സമുദായത്തെയും പൊതുസമൂഹത്തെയും സ്വാധീനിക്കപ്പെട്ടു. മഹര്‍ സമുദായവും ഇതര അയിത്ത ജാതിക്കാരും കബീറിന്റെ ഭക്തി പ്രസ്ഥാനത്തെ പിന്തുണക്കുകയും സ്വീകരിക്കുകയും ചെയ്തു. അംബേദ്കറുടെ പിതാവ് റാംജി ഈ ഭക്തി പ്രസ്ഥാനത്തിന്റെ ശക്തനായ പ്രവര്‍ത്തകനും വക്താവുമായി മാറുകയും ചെയ്തു. പിതാവിന്റെ സവിശേഷമായ ഈ ധീരതയും ഗുണങ്ങളും അംബേദ്ക്കറില്‍ സ്വാധീനം ചെലുത്തിയെന്നുവേണം കരുതാന്‍.
മനുസ്മൃതി അനുശാസിക്കുന്ന വര്‍ണാശ്രമ സിദ്ധാന്ത പ്രകാരം യുഗങ്ങളായി നിലനിന്നുവരുന്ന ജാതി വ്യവസ്ഥയില്‍ പഞ്ചമജാതിക്കാരായ അധഃസ്ഥിതര്‍ സാമൂഹ്യ ബഹിഷ്‌കരണത്തിന്റെ വേദനകളും വിവരണാതീതമായ ക്രൂരതകളും അനുഭവിച്ചാണ് ജീവിച്ചുവന്നത്. അയിത്ത ജാതിക്കാര്‍ക്ക് വേദഭാഷയായ സംസ്‌കൃതം പഠിക്കുവാന്‍ വിലക്കുണ്ടായിരുന്നു. സംസ്‌കൃതം പഠിച്ചാല്‍ പരമജ്ഞാനിയാകുമെന്നായിരുന്നു അന്ന് പരക്കെ ഉണ്ടായിരുന്ന വിശ്വാസം. ഇക്കാരണത്താല്‍ അംബേദ്കര്‍ക്കും സംസ്‌കൃത പഠനം നിഷേധിച്ചു. സംസ്‌കൃതത്തിന് പകരം അദ്ദേഹം പേര്‍ഷ്യന്‍ ഭാഷ പഠിക്കാന്‍ നിര്‍ബന്ധിതനായി. പില്‍ക്കാലത്ത് നവരംഗിന്റെ വിശേഷാല്‍ പതിപ്പില്‍ അദ്ദേഹം ഇങ്ങനെ എഴുതി ”എനിക്ക് സംസ്‌കൃതം പഠിക്കാന്‍ കലശലായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ അധ്യാപകരുടെ ഇടുങ്ങിയ മനസ്സും ജാതിവിവേചനവും കൊണ്ട് അതുപേക്ഷിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അയിത്ത ജാതിയില്‍പ്പെട്ട ഞാനടക്കമുള്ള വിദ്യാര്‍ത്ഥികളുടെ നോട്ടുബുക്കുകള്‍ അധ്യാപകര്‍ കൈക്കൊണ്ട് തൊടാന്‍ പോലും വിസമ്മതിച്ചു. ഈ അധ്യാപകരുടെ അഭിജാത വീക്ഷണം എത്ര പ്രാകൃതവും ബീഭത്സവുമാണ്. സ്പര്‍ശിക്കുന്നതിലൂടെ മലിനമാക്കപ്പെടുമെന്ന ധാരണയാണല്ലോ അയിത്തത്തിന്റെ ആധാരശില. ഒട്ടുമിക്ക അധ്യാപകരും അയിത്തക്കാരായ വിദ്യാര്‍ത്ഥികളോട് കവിതാ പാരായണം ചെയ്യാന്‍ പോലും ആവശ്യപ്പെട്ടിരുന്നില്ല. പിന്നെയല്ലേ ചോദ്യങ്ങള്‍ ചോദിക്കുക.”
ജാതിമേധാവിത്വത്തിനെതിരെ ഭക്തി പ്രസ്ഥാനം വഴി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചുവന്ന അംബേദ്കറുടെ പിതാവ് റാംജിയെ പട്ടാള ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ബോംബെയിലേക്കു മാറേണ്ടിവന്ന റാംജിയും കുടുംബവും ഒരൊറ്റമുറി മാത്രമുള്ള വീട്ടില്‍ താമസിക്കാന്‍ വിധിക്കപ്പെട്ടു. ഇത്തരം പ്രതികൂല സാഹചര്യങ്ങളോട് പൊരുതി അംബേദ്കര്‍ 1907ല്‍ മെട്രിക്കുലേഷനും 1913ല്‍ ബി.എയും പാസ്സായി. ബറോഡ മഹാരാജാവ് അംബേദ്കറെ ഉയര്‍ന്ന ഉദ്യോഗത്തില്‍ നിയമിച്ചെങ്കിലും ജാതി വിവേചനങ്ങളും പീഡനങ്ങളും അവിടെയും നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. ഓഫീസിലെ പ്യൂണ്‍ പോലും അംബേദ്കറില്‍ നിന്നും അകലം പാലിച്ചു. ഫയലുകളും മറ്റും അകലെ നിന്ന് മുഖത്തേക്ക് വലിച്ചെറിഞ്ഞു. ജോലിയില്‍ തുടരാനാവാതെ അംബേദ്കര്‍ ജോലി രാജിവെച്ചു. ഇതിനകം തന്നെ ജാതിയുടെ ക്രൂരതയും പീഡനങ്ങളും ജാതിവ്യവസ്ഥയുടെ ഭീകരതയും രാജ്യത്തെ സാമൂഹ്യ- സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥയുടെ യഥാര്‍ത്ഥ രൂപവും അംബേദ്കര്‍ മനസ്സിലാക്കിയിരുന്നു. ആചാര അനുഷ്ഠാനം കൊണ്ടും വിശ്വാസ പ്രമാണങ്ങള്‍ കൊണ്ടും മനുഷ്യാവകാശം നിഷേധിക്കുന്ന ജാതിയും അയിത്തവും ദൈവദത്തമാണെന്ന് വിശ്വസിക്കുകയും മാനവ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത ഹിന്ദു മതത്തെ നവീകരിക്കാനോ, മാറ്റിമറിക്കാനോ കഴിയുകയില്ലെന്ന ചിന്ത അംബേദ്കറില്‍ ശക്തി പ്രാപിച്ചു. ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ട് സനാതന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
”സദാചാരത്തിനും യുക്തിക്കും യാതൊരു വിലയും കല്‍പ്പിക്കാത്ത വേദ ശാസ്ത്രങ്ങളെ പാടെ നശിപ്പിക്കുന്നതിനായി നിങ്ങള്‍ ഒരു ഡൈനോമിറ്റ് പൊട്ടിക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ ജാതി വ്യവസ്ഥയില്‍ ഒരു പിളര്‍പ്പെങ്കിലും ഉണ്ടാക്കാന്‍ കഴിയുകയുള്ളു. ശ്രുതികളുടെയും സ്മൃതികളുടെയും മതത്തെ നിങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കണം. മറ്റൊരു മാര്‍ഗവും പ്രയോജനപ്പെടുകയില്ല. ഇക്കാര്യത്തില്‍ എന്റെ സുചിന്തമായ അഭിപ്രായം ഇതാണ്” (ജാതി നിര്‍മ്മൂലനം- ഡോ. അംബേദ്കര്‍)
മൂവായിരത്തി അറുനൂറ് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലനിന്നുവരുന്ന ജാതി വ്യവസ്ഥയും വര്‍ണാശ്രമ സിദ്ധാന്തങ്ങളും രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന അധഃസ്ഥിത പിന്നോക്ക ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ അംബേദ്കര്‍ അയിത്ത ജാതിക്കാരുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ദേശീയ തലത്തില്‍ സംഘടന രൂപീകരിച്ചു. അധഃസ്ഥിതരെ ഇന്ത്യന്‍ ദേശീയതയില്‍ നിര്‍ണായക ശക്തിയായി മാറ്റിയത് അംബേദ്കറുടെ പ്രവര്‍ത്തന ഫലമായാണ്. അംബേദ്കര്‍ പ്രസിഡണ്ടായി രൂപീകരിച്ച സംഘടന പില്‍കാലത്ത് ‘ഓള്‍ ഇന്ത്യാ ഷെഡ്യൂള്‍ കാസ്റ്റ് ഫെഡറേഷ’നായി രൂപപ്പെടുകയും ഇന്ത്യന്‍ രാഷ്ട്രീയാധികാര ഘടനയില്‍ അവഗണിക്കാനാകാത്ത ശക്തിയായി മാറുകയും ചെയ്തു. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും പൊതു കുളങ്ങളില്‍ പ്രവേശിക്കുകയും വെള്ളമെടുക്കുകയും ചെയ്തു. അയിത്ത ജാതിക്കാരുടെ ഇത്തരം ജാതി വിരുദ്ധ സമരങ്ങള്‍ ജാതി വെറിയന്മാരെ വല്ലാതെ വിറളി പിടിപ്പിച്ചു. ബ്രാഹ്മണ്യത്തിനും ജാതിവ്യവസ്ഥക്കുമെതിരെ മഹഡിലും നാസിക്കിലും അംബേദ്കറുടെ നേതൃത്വത്തില്‍ അധഃസ്ഥിതര്‍ നടത്തിയ സത്യാഗ്രഹങ്ങള്‍ ജാതി ഹിന്ദുത്വ ഭാരതത്തെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു. ജാതി ഹിന്ദുക്കളില്‍ നിന്നും അയിത്ത ജാതിക്കാര്‍ക്ക് ഒരു നീതിയും ലഭിക്കുകയില്ലെന്നും അയിത്ത ജാതിക്കാരോടുള്ള ഗാന്ധിജിയുടെയും കോണ്‍ഗ്രസിന്റെയും നിലപാട് തികഞ്ഞ കാപട്യവും വഞ്ചനയുമാണെന്ന് 1932 ആഗസ്ത് ’14-ന്’ ബോംബെയിലെ മണിഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഗാന്ധിജിയോട് അംബേദ്കര്‍ വെട്ടിത്തുറന്നു പറഞ്ഞു. ഇന്ത്യയില്‍ അന്നൊരാളും ഗാന്ധിജിയെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുമായിരുന്നില്ലായെന്ന യാഥാര്‍ത്ഥ്യം നാം ഓര്‍ക്കേണ്ടതാണ്.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശവ്യാപകമായി നടത്തിവന്നിരുന്ന പ്രക്ഷോഭത്തെ തത്വത്തില്‍ അംഗീകരിച്ചുകൊണ്ട് അംബേദ്കര്‍ ഇങ്ങനെ പറഞ്ഞു. ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാര്‍ക്ക് അധികാര കൈമാറ്റം നടത്തുമ്പോള്‍ നൂറ്റാണ്ടുകളായി മനുഷ്യാവകാശം നിഷേധിച്ച് സഞ്ചരിക്കാനും ജീവിക്കാനും പോലുമുള്ള അവകാശമില്ലാതെ പുഴുക്കളെ പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട ജനകോടികളുടെ അവകാശങ്ങള്‍ എന്തെന്ന് നിര്‍ണയിക്കേണ്ടത് അനിവാര്യമാണ്. ജാതി ഹിന്ദുത്വ ശക്തികളുടെ കൈകളില്‍ അധികാരം എത്തുമ്പോള്‍ അവര്‍ അയിത്ത ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയില്ല. അതിനാല്‍ ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ഈ വിഭാഗം ജനങ്ങളുടെ അവകാശങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തേണ്ടതാണ്.
1932 സെപ്തംബര്‍ 20-ന് പൂനാ ഫാക്ടറിലൂടെ അംബേദ്കര്‍ നേടിത്തന്ന ജനാധിപത്യ-രാഷ്ട്രീയ അവകാശങ്ങള്‍ക്കെതിരായി അന്നു മുതല്‍ ഇന്നോളം വ്യത്യസ്ഥ രൂപത്തിലും ഭാവത്തിലുമുള്ള എതിര്‍പ്പുകള്‍ തുടര്‍ന്നു വരുന്നുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹ്യ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ യുഗങ്ങളോളം ജീവിക്കേണ്ടിവന്ന ഇന്ത്യയിലെ അധഃസ്ഥിത പിന്നോക്ക വര്‍ഗങ്ങളെ മുഖ്യധാരാ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍, രാജ്യത്ത് നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയുടെ സവിശേഷമായ അവസ്ഥ കണക്കിലാക്കി ഭരണഘടനാ അവകാശമായി സംവരണ നിയമം നടപ്പാക്കിവരുന്നതിനെ സംവരണ വിരോധികള്‍ പല പ്രത്യയശാസ്ത്രത്തെയും ഉയര്‍ത്തി കാട്ടി കാപട്യപൂര്‍വ്വം എതിര്‍ത്തിട്ടുണ്ട്. ഈ എതിര്‍പ്പിന് സംവരണത്തോളം തന്നെ പഴക്കമുണ്ട്. അധികാരവും സമ്പത്തും വിദ്യാഭ്യാസ അവകാശങ്ങളും എന്തിന് വഴി നടക്കാനും മാറുമറയ്ക്കാനും പോലുമുള്ള അവകാശങ്ങള്‍ നിഷേധിച്ച് ‘ജാതി ബദ്ധമായ സാമൂഹിക വ്യവസ്ഥയില്‍ ആയിരത്താണ്ടുകളായി മരിച്ചു ജീവിച്ച വര്‍ഗങ്ങള്‍ക്ക് അവരുടെ സാമൂഹ്യമായ പിന്നോക്കാവസ്ഥ പരിഗണിച്ച് നല്‍കുന്ന സംവരണം ഇല്ലാതാക്കാനും സംവരണത്തിന് പുത്തന്‍ മാനദണ്ഡങ്ങളും സാമ്പത്തിക മാനദണ്ഡങ്ങളും ഏര്‍പ്പെടുത്താനും കാലങ്ങളായി സംവരണ വിരുദ്ധര്‍ ശ്രമിച്ചുവരികയാണ്. ഇക്കൂട്ടത്തില്‍ സനാതന ധര്‍മ്മവാദികളും കാറല്‍ മാര്‍ക്‌സിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവരുമുണ്ട്. സംവരണത്തിന്റെ സാമൂഹിക ലക്ഷ്യത്തെ തകര്‍ത്ത് സംവരണം തൊഴില്‍ദാന പദ്ധതിയോ, ദരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയോ ആക്കിമാറ്റാനുള്ള വ്യഗ്രതയിലാണ് ഇക്കൂട്ടര്‍. സമഗ്രവും ശാസ്ത്രീയവുമായ കാഴ്ചപ്പാടാണ് ഇവരുടേതെന്നും ഇക്കാര്യത്തില്‍ ഇവരുടെ ശരിയേക്കാള്‍ മറ്റൊരു ശരിയും ഇല്ലെന്നാണ് ഇവരുടെ വാദം. സാമൂഹ്യ പിന്നോക്കാവസ്ഥയും സാമ്പത്തിക പിന്നോക്കാവസ്ഥയും ഒന്നല്ലെന്നും രണ്ടാണെന്നും ഭരണഘടനാ നിര്‍മ്മാണ സഭ വളരെയേറെ ചര്‍ച്ച ചെയ്തതാണ്. സംവരണത്തിന്റെ മാനദണ്ഡമായി സാമൂഹ്യമായ പിന്നോക്കാവസ്ഥ പരിഗണിച്ചാല്‍ മതിയെന്ന് ഭരണഘടനാ നിര്‍മ്മാണ സഭ ഐകകണ്‌ഠ്യേന അംഗീകരിക്കുകയും മറിച്ചുള്ള വാദഗതികള്‍ തള്ളിക്കളയുകയും ചെയ്തിട്ടുള്ളതാണ്. സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് പല കേസുകളിലും സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നോക്ക സമുദായത്തില്‍പ്പെട്ട ജാട്ട് സമുദായത്തെ പിന്നോക്ക ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂലിച്ചിട്ടും ഈ ആവശ്യത്തെ തള്ളിക്കളഞ്ഞുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് സമീപ കാലത്താണ്.
തിരുവിതാംകൂര്‍, കൊച്ചിയിലെ ബാര്‍ ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാരില്‍ 97 ശതമാനം പേരും മുന്നോക്ക സമുദായക്കാരാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ 1700 ജീവനക്കാരില്‍ കേവലം 200ല്‍ താഴെ മാത്രമാണ് പിന്നോക്ക വിഭാഗക്കാരുള്ളത്. ഇതില്‍ പട്ടികജാതി-വര്‍ഗക്കാരായി ഒരാള്‍ പോലും ഇല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെയും ഇവയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും മുന്നോക്ക സമുദായക്കാര്‍ എല്ലാ ഉദ്യോഗങ്ങളും കയ്യടക്കിയിരിക്കുമ്പോള്‍ മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാറിന്റെ നടപടി സാമുദായിക സംവരണം ഇല്ലാതാക്കാനുള്ള ലക്ഷ്യവും ഭരണ നീക്കവുമാണ്. ക്രമേണ ഈ നയം എല്ലാ സര്‍ക്കാര്‍ തലങ്ങളിലും നടപ്പാക്കാന്‍ ഇവര്‍ ശ്രമിക്കുക തന്നെ ചെയ്യും.
സൈദ്ധാന്തികമായും രാഷ്ട്രീയമായും രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുകയും പരസ്പരം വെട്ടി കൊലപ്പെടുത്തുകയും ചെയ്യുന്ന സി.പി.എമ്മും ആര്‍.എസ്.എസും സംവരണ പ്രശ്‌നത്തില്‍ ഒരേ നയമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കാണാന്‍ കഴിയും. ഈ പ്രസ്ഥാനങ്ങളിലെ സവര്‍ണ മുഖവും സാമ്പത്തിക സംവരണ അനുകൂല നിലപാടും തിരിച്ചറിയാന്‍ ഇനിയും വൈകിയാല്‍ അതു സംവരണ സമുദായങ്ങള്‍ക്ക് ആപല്‍ക്കരവും സാമൂഹ്യ നീതിയുടെ കടയ്ക്കല്‍ കുത്തിവെക്കലിനെ സഹായിക്കലുമായിരിക്കും.
1995 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ 296438 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള ഓരോ വര്‍ഷങ്ങളിലും ശരാശരി 12500 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ഭരണകൂടത്തിന്റെ പൗരാവകാശ-ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്യുന്നവരെ കൊന്നുതള്ളുന്ന പ്രവണത തുടര്‍ക്കഥയാവുകയാണ്. 1992 മുതല്‍ 2017 വരെയുള്ള കാലയളവില്‍ 27 മാധ്യമ പ്രവര്‍ത്തകരാണ് കൊല ചെയ്യപ്പെട്ടത്. നരേന്ദ്രദാഭോല്‍ക്കര്‍, എം.എം കല്‍ബുര്‍ഗി, ഗോവിന്ദപന്‍സാരെ എന്നിവരെ കൊല ചെയ്തവരെ ഇതേവരെ പിടികൂടിയിട്ടില്ല. കര്‍ണാടകയിലെ പ്രമുഖ പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പോരാളിയുമായ ഗൗരിലങ്കേഷ്‌കര്‍ കൊല ചെയ്യപ്പെട്ടത് സമീപ കാലത്താണ്. ബീഫിന്റെ പേരില്‍ അധഃസ്ഥിത ന്യൂനപക്ഷക്കാരെ വേട്ടയാടുന്നത് ശക്തിപ്പെട്ടിരിക്കുന്നു. ഗോമാതാവിന്റെ പേരില്‍ 68 അക്രമങ്ങളാണ് രാജ്യത്തുണ്ടായത്. പശുവിന്റെ പേരില്‍ 35ഓളം ആളുകളെയാണ് പരസ്യമായി കൊലപ്പെടുത്തിയത്. ഗോരക്ഷാ സംഘങ്ങളുടെ പേരില്‍ പരസ്യമായ അക്രമവും നിയമസമാധാന ലംഘനവും നടത്തിയിട്ടും അവയ്‌ക്കെതിരെ നിയമന നടപടികള്‍ സ്വീകരിച്ച് കുറ്റക്കാരെ ശിക്ഷിക്കാന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാതെ ഒളിച്ചുകളി നടത്തുകയാണ്.
ഓരോ പതിനെട്ട് മിനിറ്റിലും ഒരു പട്ടികജാതിക്കാരന്‍ ആക്രമണത്തിനും പീഡനങ്ങള്‍ക്കും വിധേയമാകുന്നു. കുറ്റവാളികളില്‍ 5 ശതമാനം പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. 95 ശതമാനം കുറ്റവാളികളും രക്ഷപ്പെടുന്നു. അഥവാ രക്ഷപ്പെടുത്തുന്നു. ജനക്ഷേമ താല്‍പര്യതയില്‍ നിന്നും അകന്നുമാറിയ സര്‍ക്കാര്‍ പുത്തന്‍ സാമ്പത്തികനയം സ്വീകരിച്ചുകൊണ്ട് രാജ്യത്തെ സമ്പത്തും പ്രകൃതി വിഭവങ്ങളും ഭൂമിയും സര്‍ക്കാര്‍ ഫാക്ടറികളും സ്ഥാപനങ്ങളും സ്വദേശ-വിദേശ മൂലധന ശക്തികള്‍ക്ക് വീതം വെച്ചു കൊടുക്കുകയാണ്. എല്ലാം സ്വകാര്യ മേഖലക്കും കൈമാറി ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാമെന്ന അവകാശവാദത്തിലാണ് സര്‍ക്കാര്‍ എത്തിനില്‍ക്കുന്നത്. കര്‍ഷകര്‍ക്കും ദരിദ്ര കര്‍ഷകര്‍ക്കും ദരിദ്ര ഭൂരഹിതര്‍ക്കും ഒരിഞ്ചു ഭൂമിപോലും നല്‍കാന്‍ മടികാണിക്കുന്ന ഭരണകൂടം വലിയ ഇളവുകളോടെ വിദേശികള്‍ക്ക് ഭൂമി നല്‍കാന്‍ യാതൊരു മടിയും കാണിക്കുന്നില്ല. രാജ്യത്ത് വളരെ വേഗത്തില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന സ്വകാര്യവല്‍ക്കരണം ഭരണഘടന അനുശാസിക്കുന്ന സംവരണ അവകാശങ്ങള്‍ തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ ജനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വിവിധങ്ങളായ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരാര്‍ത്ഥമുള്ള പദ്ധതികളും ഭരണ നടപടികളും സ്വീകരിക്കേണ്ട സര്‍ക്കാര്‍ അതിന് തയാറാകാതെ മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ സൃഷ്ടിച്ച് ജനങ്ങളെ വേര്‍തിരിക്കുകയാണ്. ഹൈന്ദവ ഭൂരിപക്ഷത്തെ അടിസ്ഥാനമാക്കി ഇന്ത്യയെ ഹിന്ദു രാജ്യമാക്കാനും അതിനനുസരിച്ച് ഭരണഘടന തന്നെ മാറ്റാനുമുള്ള ഗൂഢ ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്ക വര്‍ഗക്കാര്‍ക്കുള്ള സംവരണം എടുത്തുകളയണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്ന ന്യൂനപക്ഷ അവകാശവും ഇല്ലാതാക്കാനുള്ള ഒരുക്കത്തിലാണ് ജാതി ഹിന്ദുത്വ മത മൗലികവാദികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ജനാധിപത്യ ഭരണം നടപ്പിലായതോടുകൂടി ജാതി ഹിന്ദുത്വവാദികള്‍ക്ക് നഷ്ടമായ ഏകാധിപത്യ ഭരണ സംവിധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടി ജനാധിപത്യ അവകാശങ്ങളെയും അതു ഉറപ്പ് നല്‍കുന്ന ഭരണഘടനയേയും തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുക്കാനുള്ള തയാറെടുപ്പിലാണ് ജാതി ഹിന്ദുത്വ മതമൗലികവാദികള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇത് അംബേദ്കറുടെ ജനാധിപത്യ കാഴ്ചപ്പാടിനും അംബേദ്കര്‍ ചിന്തകള്‍ക്കും രാജ്യത്തിനും ആപല്‍ക്കരവുമാണ്. നിരവധി പ്രതിലോമ സാഹചര്യങ്ങളെയും പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വിമോചനത്തിനായി ത്യാഗത്തിന്റെ ബലിപീഠത്തില്‍ ജീവിതം സമര്‍പ്പിച്ച മഹാനായ വിപ്ലവകാരിയായ ഡോ. അംബേദ്കര്‍ 1956 ഡിസംബര്‍ 6 ന് ഇഹലോകവാസം വെടിഞ്ഞു. അംബേദ്കര്‍ സ്മരണ ജനാധിപത്യം സംരക്ഷിക്കാനുള്ള സന്ദേശമാകണം.