Connect with us

Video Stories

ദീപ്ത യൗവനത്തിന്റെ ജീവിതപാഠം

Published

on

പി.എം സ്വാദിഖലി

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ സി.പി.എമ്മിനെതിരെ ഭരണവിരുദ്ധ വികാരം അലയടിച്ച സന്ദര്‍ഭം. ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തില്‍ ഗ്രാമങ്ങള്‍ അഗ്‌നിക്കിരയായപ്പോള്‍ ഹോമിക്കപ്പെട്ടത് ബംഗാളിലെ എക്കാലവും അരുകുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായിരുന്നു. ഇവിടം സന്ദര്‍ശിക്കാന്‍ മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ജി.എം ബനാത് വാല സാഹിബിന്റെ നേതൃത്വത്തില്‍ കേരളത്തില്‍നിന്ന് പുറപ്പെട്ട സംഘത്തില്‍ ഒരാളായി ഞാനുമുണ്ടായിരുന്നു.

കൊല്‍ക്കത്തയില്‍നിന്ന് നന്ദിഗ്രാമിലേക്ക് പുറപ്പെടുന്നതിനു മുമ്പ് നഗരത്തിന് 25 കിലോമീറ്റര്‍ അപ്പുറത്ത് ദേഗംഗ നിയോജകമണ്ഡലത്തിലെ ബേലേഘട്ട എന്ന കൊച്ചുഗ്രാമത്തില്‍ കേരളത്തില്‍നിന്നുള്ള മുസ്‌ലിംലീഗ് സംഘത്തിന് ഒരു ചെറു സ്വീകരണമുണ്ടായി. കിലോമീറ്ററുകളോളം വിശാലമായ നെല്‍പാടങ്ങളിലൂടെ സഞ്ചരിച്ച് എത്തുമ്പോള്‍ നേരിയ വെളിച്ചത്തിനു താഴെ ഒരു പച്ചക്കൊടിക്ക് കീഴില്‍ നൂറോളം വരുന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഒരു വീട്ടു മുറ്റത്ത് ഞങ്ങളെ കാത്തു നിന്നു. കേരളത്തില്‍നിന്നുള്ള സംഘത്ത കാണേണ്ട താമസം അവര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു.

ബോലോ മുസ്‌ലിം ലീഗ് കീ ജയ്
ബോലോ ജി.എച്ച്. മുഹമ്മദ് കോയ കീ ജയ്

ശരീരമാസകലം രോമാഞ്ചമണിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ഭാരതമാകെ ഞെട്ടിവിറപ്പിച്ച കേരള സിംഹം സി.എച്ചെന്ന് കേട്ടിട്ടേ ഉള്ളൂ.
ആ മഹാനായ നേതാവിന്റെ പേരാണ് ബംഗാളിലെ ഈ കുഗ്രാമത്തില്‍നിന്നും കേള്‍ക്കുന്നത്.

പതിറ്റാണ്ടുകളേറെ പിന്നിട്ടിട്ടും ഇവരുടെയും നമ്മുടെയുമൊക്കെ ഹൃദയത്തില്‍ സി.എച്ച് എന്ന മനുഷ്യന്‍ ഇപ്പോഴും വിരാജിച്ചു കൊണ്ടേയിരിക്കുന്നു.

1927 ജൂലൈ 15നാണ് സി.എച്ച് ജനിക്കുന്നത്. 83 സെപ്തംബര്‍ 28ന് ഈ ലോകത്തോട് വിടപറഞ്ഞു. ഈ ഭൂമിയില്‍ ജീവിച്ചത് ആകെ 56 വര്‍ഷം മാത്രം.
ഇത്ര ചുരുങ്ങിയ കാലം മാത്രം ജീവിച്ച ഈ മനുഷ്യന്‍ എങ്ങിനെയാണ് ഇന്നും ജനകോടികള്‍ സ്മരിക്കുന്ന അതികായനാവുന്നത്..?
അതിനുതകും വിധത്തില്‍ തന്റെ നാടിനും സമുദായത്തിനും അദ്ദേഹം എന്തെല്ലാമാണ് നല്‍കിയത് ?
എങ്കില്‍ അവ അദ്ദേഹത്തിന്റെ ഏതു പ്രായത്തിലാണ്?
അദ്ദേഹത്തിന്റെ മുപ്പതുകളില്‍, നാല്‍പതുകളില്‍, അമ്പതുകളില്‍….

ഇത്ര വലിയ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നായകത്വം വഹിക്കാന്‍ ഈ ചെറു പ്രായം കൊണ്ട് അദ്ദേഹത്തിന് എങ്ങിനെ കഴിഞ്ഞു.
അങ്ങിനെയെങ്കില്‍ അത്തോളിയിലെ വിദ്യാലയത്തില്‍ പഠിക്കുന്ന കാലം മുതല്‍ തന്റെ സമൂഹത്തിന്റെ വേദനകളും പരാധീനതകളും എത്രമാത്രം അദ്ദേഹം തന്റേതാക്കി മാറ്റിയിട്ടുണ്ടാവും. അവര്‍ക്കായുള്ള സ്വപ്നങ്ങള്‍ എന്തുമാത്രം നെഞ്ചേറ്റിയിരിക്കും.
സി.എച്ചില്‍നിന്ന് ഇന്നത്തെ യുവാക്കള്‍ക്ക് ഉള്‍ക്കൊള്ളാനുള്ള ഏറ്റവും വലിയ ജീവിത പാഠവും ഇത് തന്നെയാണ്.

മുസ്‌ലിംലീഗിന്റെ ആശയാദര്‍ശങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ രാഷ്ട്രീയ ഇസ്‌ലാമിനെയോ പോലെ വലിയ ഇസങ്ങളുടെയോ തിരുത്തപ്പെടാത്ത പ്രത്യയശാസ്ത്രങ്ങളുടെയോ അടിസ്ഥാന ബിംബങ്ങളൊന്നുമില്ല. മലബാറിലെ നാട്ടിന്‍ പുറങ്ങളിലെ നിഷ്‌കളങ്കരായ ഗ്രാമീണ ജനങ്ങളും അവര്‍ക്കു വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ധിഷണാശാലികളും ആദര്‍ശ ശുദ്ധിയുള്ളവരുമായ കുറച്ച് നേതാക്കളും കൂടി ചേര്‍ന്നാണ് മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ ഇന്ന് കാണുന്ന ‘രസതന്ത്രം’ ഉണ്ടാക്കിയെടുത്തത്. ആ നേതാക്കളുടെ ഹൃദയ വിശുദ്ധിയിലും വീക്ഷണങ്ങളിലുമാണ് മുസ്‌ലിംലീഗിന്റെ എക്കാലത്തേയും ആശയപ്രപഞ്ചം കുടികൊണ്ടിരുന്നത്. അവയെ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും വിവരും വിദ്യാഭ്യാസവുമുള്ള ഒരു പ്രബുദ്ധ ജനസമൂഹമായിരുന്നില്ല അന്നത്തെ മലബാറിലെ മുസ്‌ലിം ജനസാമാന്യം.
എന്നിട്ടും അവര്‍ ആ സാത്വിക നേതൃത്വത്തിന്റെ പിന്നിലായി അണിനിരന്നു.
മുസ്‌ലിംകളുടെ അടിസ്ഥാന വിശ്വാസ സങ്കല്പത്തിലൂന്നിയ ഏറ്റവും ഔന്നത്യപൂര്‍വായ ഒരു സാമൂഹിക തലമാണ് ആ ആശയാദര്‍ശങ്ങള്‍ വിഭാവനം ചെയ്തിരുന്നുവെന്നത് കാണാം.

മുസ്‌ലിം സമൂഹത്തെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണഗതികളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അത്.
അവ അതാതു കാലങ്ങളില്‍ വികസിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ ലോക മുസ്‌ലിം ചിന്തകരില്‍നിന്നും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ഈ ചിന്തകളോട് കണ്ണി ചേര്‍ക്കപ്പെട്ടു കൊണ്ടു തന്നെയാണ് കേരളത്തിലെ മുസ്‌ലിംലീഗിന്റെ ഉത്ഭവവും വളര്‍ച്ചയുമെന്ന് പരിശോധിച്ചാല്‍ വ്യക്തമാകും.

ഇസ്മയില്‍ സാഹിബിന്റേയും സീതി സാഹിബിന്റെയും ആശയാദര്‍ശങ്ങളുടെ പ്രായോഗിക രൂപമായിരുന്നു സി.എച്ച്.
സീതി സാഹിബിന്റെ ചിന്തകള്‍ കേരളീയ മുസ്‌ലിം സമൂഹത്തിന് നവോത്ഥാനത്തിന്റെ വെളിച്ചം നല്‍കി. സി.എച്ചാകട്ടെ അതിന് തന്റെ ചെറിയ ആയുസ്സില്‍ തന്നെ വലിയ കര്‍മ്മപഥം തീര്‍ത്തു.

1332ല്‍ ജനിച്ച് 1406ല്‍ അന്തരിച്ച ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമ ആധുനിക മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ സാമൂഹിക ബൗദ്ധിക വളര്‍ച്ചക്ക് ഉള്‍പ്രേരകമായ ബൃഹത്തായ ഒരു ഗ്രന്ഥമാണ്. തുര്‍ക്കി ഖിലാഫത്തിനു മുമ്പ് ഈ ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതികള്‍ അവിടങ്ങളില്‍ വ്യാപകമായിരുന്നു എന്നാണ് പറയുന്നത്. മുട്ടാണിശ്ശേരി കോയക്കുട്ടി മുസ്‌ലിയാരാണ് ഈ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.
അവതാരിക എഴുതിയതായവട്ടെ സി.എച്ചും.

അവതാരികക്കു വേണ്ടി സി.എച്ചിനെ സമീപിച്ചതിനെക്കുറിച്ച് മുട്ടാണിശ്ശേരി ഈ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. മലയാളത്തിന്റെ കൈയെഴുത്ത് പ്രതി സി.എച്ചിനു നല്‍കിയപ്പോള്‍ എഫ് റോസന്താള്‍ 1952ല്‍ പുറത്തിറക്കിയ ഇംഗ്ലീഷ് പരിഭാഷ സി.എച്ച് നേരത്തെ തന്നെ മുഴുവന്‍ ഹൃദിസ്ഥമാക്കിയിട്ടുള്ളതായി മുട്ടാണിശ്ശേരി മനസ്സിലാക്കി.
അതു മാത്രമല്ല, സി.എച്ച് എന്ന നേതാവിന്റെ രാഷ്ട്രീയായോധന ശൈലിയില്‍ മുഖദ്ദിമയുടെ മണമടിക്കുന്നുണ്ടെന്നും മുട്ടാണിശ്ശേരി ആമുഖത്തില്‍ പറയുന്നു.

സമുദായ പുരോഗതി ലക്ഷ്യം വെച്ച് നീങ്ങുമ്പോഴും സി.എച്ച് എല്ലാ ജനവിഭാഗങ്ങളുടേയും ഇഷ്ടനായകനായി.
സി.എച്ച്.എം.(ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം) കോയ എന്ന് അദ്ദേഹത്തെ എല്ലാവരും ഓമനപ്പേരിട്ട് വിളിച്ചു.
തന്റെ അന്‍പത്തിരണ്ടാം വയസ്സില്‍ (1979 ഒക്ടോബര്‍ 12 ) കേരളത്തിന്റെ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്നിടം വരെ ആ വ്യക്തിത്വം വളര്‍ന്നു.

കേരളത്തിലെ നിരാലംബരും അധ:സ്ഥിതരുമായിരുന്ന മാപ്പിള സമൂഹത്തെ അഭിമാനകരമായ അസ്തിത്വത്തിന്റെ നറുനിലാ മുറ്റത്തേക്ക് വഴിനടത്തുമ്പോള്‍ സി.എച്ചിനെപ്പോലുള്ള നേതാക്കള്‍ക്കുണ്ടായിരുന്ന ലക്ഷ്യബോധത്തിന്റെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനം ഇങ്ങനെയൊക്കെയായിരുന്നു. അതുകൊണ്ടാണ് സി.എച്ച് ജനങ്ങളുടെ ഹൃദയക്കൊട്ടാരത്തില്‍ ഒരിക്കലു മരിക്കാത്ത കോയയായി ഇന്നും ജീവിക്കുന്നത്.

ഭാവി ശോഭനമാക്കുന്നതിനും ആത്മാഭിമാനമുള്ളവരായി ഉയര്‍ന്നു വരുന്നതിനും രാജ്യത്തിന്റെ ഉത്തമ പൗരന്മാരായി വളരുന്നതിനും നിങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറുകയെന്ന് പുതുതലമുറയെ അദ്ദേഹം എപ്പോഴും ആഹ്വാനം ചെയ്തു.
നാടുനീളെ വിജ്ഞാനത്തിന്റെ കവാടങ്ങള്‍ തുറന്നുവെച്ചു.
കൊര്‍ദോവയുടെയും ബാഗ്ദാദിന്റെയും മഹിത പാരമ്പര്യത്തെക്കുറിച്ച് സമുദായത്തിലെ ചെറുപ്പക്കാരോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി.
സി.എച്ച് വിതച്ചത് ഇന്നു കൊയ്തുകൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസ വളര്‍ച്ചയില്‍ ആണ് പെണ്‍ വിത്യാസമില്ലാതെ വലിയ മുന്നേറ്റം ഇന്ന് കേരളത്തിലെ മുസ്ലിം സമുദായത്തില്‍ നടന്നു കൊണ്ടിരിക്കുന്നു.

സഞ്ചരിക്കാന്‍ ഇനിയുമേറെയുണ്ട്.
എല്ലാ അര്‍ത്ഥത്തിലും അന്തസ്സാര്‍ന്ന സമൂഹമാവുക എന്നതാണ് സി.എച്ചിന്റെ സംഘടനയുടെ എക്കാലത്തെയും വിഭാവിത ലക്ഷ്യം. നടപ്പുകാലത്തെ എല്ലാ കെട്ടുകാഴ്ചകള്‍ക്കിടയിലും പുതു തലമുറക്ക് സി.എച്ചിന്റെ ജീവിതം നല്‍കുന്ന ഏറ്റവും വലിയ സന്ദേശവും പാഠവും ഇതാണ്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending