ഇ സാദിഖ് അലി

ചന്ദ്രിക പത്രം 1946 ല്‍ കോഴിക്കോട്‌നിന്നും ദിനപ്പത്രമായി പുറത്തിറക്കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി. സി.എച്ചിന്റെ ഗുരുഭൂതനായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പേരിലായിരുന്നു കോഴിക്കോട് സിറ്റിയിലെ മുഖ്യ ഏജന്‍സി. ഇത് സംബന്ധമായ മുഴുവന്‍ വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ ബാഫഖി തങ്ങള്‍ സി.എച്ചിനെയാണേല്‍പ്പിച്ചിരുന്നത്. ആ മഹാനുഭാവന്റെ ഭാവി മുന്‍കൂട്ടിക്കണ്ട് സി.എച്ചിനെ ചന്ദ്രികയിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ട് വന്ന തന്റെ രാഷ്ട്രീയാചാര്യനായ കെ.എം സീതി സാഹിബ് അദ്ദേഹത്തെ ചന്ദ്രികയുടെ പത്രാധിപ സമിതിയിലേക്ക് നിയോഗിച്ചു. പ്രസിദ്ധീകരണം തുടങ്ങിയ ഫെബ്രുവരി മുതല്‍ സി.എച്ച് ചന്ദ്രികയുടെ സഹപത്രാധിപരായി ചുമതലയേറ്റു. ഇതോടെ സി.എച്ച് ഒരു മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനായി മാറി.

സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പരിലാളനയേറ്റ് വളര്‍ന്ന ചന്ദ്രികയെ സ്വന്തം വീടായാണ് സി.എച്ച് കണക്കാക്കിയിരുന്നത്. സി. എച്ച് മുഖ്യമന്ത്രിയായപ്പോള്‍ ചന്ദ്രികയിലേക്ക് കടന്ന്‌വന്ന അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ‘എന്റെ വീട്ടിലേക്ക് ഞാന്‍ ചെല്ലുന്നത് ഉമ്മയെ അറിയിച്ചിട്ടല്ലല്ലോ’ എന്നായിരുന്നു മറുപടി. ചന്ദ്രികയെ സ്വന്തം വീടായി കണക്കാക്കിയവര്‍ക്കേ പെട്ടെന്നിങ്ങനെ പറയാന്‍ പറ്റൂ. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഏത് പാതിരാത്രിയിലായാലും പൊതുയോഗം കഴിഞ്ഞ് പോരുമ്പോള്‍ സി.എച്ച് നേരെ ചന്ദ്രികയിലേക്കാണ് പോകുക. ചന്ദ്രിക പത്രാധിപ സമിതിയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡോ. എന്‍.എ കരീം അതേക്കുറിച്ച് രേഖപ്പെടുത്തിയതിങ്ങനെ: ‘സ്വാതന്ത്ര്യാനന്തരം മലബാറിലുടനീളം മുസ്‌ലിംലീഗ് പുനരുജ്ജീവിപ്പിക്കുന്നതില്‍ തലമൂത്ത നേതാക്കള്‍ക്കൊപ്പം ഓടിനടന്ന് പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതിനിടയില്‍ യുവസഹജമായ ഊര്‍ജ്ജസ്വലതയോടും പ്രസരിപ്പോടും കൂടി പത്രാധിപ ജോലിയും പ്രഗല്‍ഭമായിത്തന്നെ സി. എച്ച് നിര്‍വഹിച്ചിരുന്നു. തലേ ദിവസത്തെ പ്രവര്‍ത്തനം മൂലമുള്ള ഉറക്കച്ചടവോടുകൂടിയാണ് അക്കാലത്ത് പല ദിവസങ്ങളിലും സി.എച്ച് ആപ്പീസില്‍ കയറിവന്നിരുന്നത്. വന്ന്കഴിഞ്ഞാല്‍ തിരക്കിട്ട് പത്രങ്ങളും ന്യൂസ് ഏജന്‍സി വാര്‍ത്തകളും ഓടിച്ചുവായിച്ച് അര മണിക്കൂറിനകം അന്നത്തെ മുഖപ്രസംഗം എഴുതിത്തീര്‍ക്കും. ഉടന്‍ തന്നെ കാത്തിരിക്കുന്ന അനുയായികളും ആരാധകന്‍മാരുമായി സ്ഥലം വിടുകയും ചെയ്യും. വലിയ തിരക്കില്ലാത്ത ദിവസങ്ങളാണെങ്കില്‍ എഴുതിയ മുഖപ്രസംഗവുമായി ഞങ്ങളുടെ ഡെസ്‌കിലേക്ക് വരും. എന്നിട്ടത് എല്ലാവരെയും വായിച്ചുകേള്‍പ്പിക്കും. ഇതിനിടയില്‍ സഹജമായ വൈഭവത്തോട്കൂടി കുറെ ഫലിതങ്ങള്‍ പൊട്ടിക്കുകയും ചെയ്യും.

ഒരു ചെറിയ കുടുംബം പോലെയായിരുന്നു അന്നത്തെ പത്രാധിപ സമിതി. അംഗങ്ങള്‍ കുറവായിരുന്നത്‌കൊണ്ട് ഓരോരുത്തര്‍ക്കും നല്ല ജോലിയുണ്ടായിരുന്നു. എങ്കിലും എല്ലാവരും സന്തോഷത്തോടും സഹകരണത്തോടുംകൂടി ജോലി ചെയ്തിരുന്നു. അതിനുള്ള പ്രചോദനം ഊട്ടിത്തന്നിരുന്നത് പത്രധിപരായിരുന്ന സി.എച്ചിന്റെ സ്‌നേഹമധുരമായ പെരുമാറ്റമായിരുന്നു. ഞങ്ങളില്‍ ഒരാളായി മാത്രമേ അദ്ദേഹം തന്നെ കണ്ടിരുന്നുള്ളു. എല്ലാവരോടും വ്യക്തിപരമായി അടുത്ത മമതാബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. ചന്ദ്രിക പത്രാധിപരാകുന്ന കാലത്ത് അദ്ദേഹം 25 വയസ്സ് തികയാത്തൊരു യുവാവായിരുന്നുവെങ്കിലും 60 കാരനായ വി അബ്ദുല്‍ ഖയ്യും അടക്കമുള്ള ആ പത്രാധിപ സംഘത്തെ അനാവശ്യമായ അധികാര വിനിയോഗമില്ലാതെ അദ്ദേഹം പ്രഗല്‍ഭമായി നയിച്ചു’.

‘സി.എച്ച്’ എന്ന പദം പത്രപ്രവര്‍ത്തന രംഗത്തും രാഷ്ട്രീയ മേഖലയിലും കുതിച്ചുയരുകയായിരുന്നു. കോഴിക്കോട് മുനിസിപ്പല്‍ ഓഫീസിലെ താല്‍ക്കാലിക ജോലിയും കുറുമ്പ്രനാട് ലീഗ് ഓഫീസ് സെക്രട്ടറി ജോലിയും കഴിഞ്ഞപ്പോഴേക്കും സി.എച്ച് ചന്ദ്രികയുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ച് കഴിഞ്ഞിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ സി.എച്ച് സ്വന്തം പേര് വെച്ചും ‘എം.കെ അത്തോളി’ എന്ന തൂലികാ നാമത്തിലും ലേഖനങ്ങളെഴുതുമായിരുന്നു. മുസ്‌ലിംലീഗിന്റെ ഔദ്യോഗിക പത്രമായ ‘ഡോണി’ന്റെ കോഴിക്കോട് ലേഖകനായും ഈ സമയത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
അങ്ങനെ ‘ചന്ദ്രിക സി.എച്ചും’ ‘സി.എച്ച് ചന്ദ്രിക’യുമായി മാറി. അതിന്റെ എല്ലാമായിരുന്ന സി. എച്ച് ചന്ദ്രികയിലെ ഒരു സാധാരണ ജീവനക്കാരന്‍ മാത്രമാണെന്ന ഔദ്യോഗിക ബന്ധം പലര്‍ക്കുമറിയില്ല. സി.എച്ചെന്ന പത്രാധിപര്‍ ഏത് തിരക്കിനിടയിലും ചന്ദ്രികക്ക് വേണ്ടി മുഖപ്രസംഗമെഴുതുമായിരുന്നു. പ്രസംഗവേദികളിലിരുന്ന് പോലും അത് നിര്‍വഹിച്ചു. ചന്ദ്രികയുടെ പത്രാധിപരെന്ന സമുന്നത പദവിയില്‍ വിരാചിക്കുമ്പോഴും ശിപായിപ്പണി മുതല്‍ പത്രാധിപര്‍ വരെയുള്ള സകല ജോലിയും അദ്ദേഹത്തിന് വശമായിരുന്നു. അദ്ദേഹത്തിന്റെ രചനാ വൈഭവം അനിതരസാധാരണവും അപാരവുമായിരുന്നു. സി.എച്ച് ഒന്നാംതരം കഥകളെഴുതിയിട്ടുണ്ട്. രസികന്‍ കഥകളും രചിച്ചിട്ടുണ്ട്. സാഹിത്യപരവും സാംസ്‌കാരികവുമായ പ്രബന്ധങ്ങളുമെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മതാതീതമായ ഹൃദയ വിശാലതയെ മനസ്സിലാക്കാന്‍ ഈ എഴുത്തുകള്‍ മാത്രം മതി. എഴുതുന്നതെന്തായാലും തല പുകഞ്ഞാലോചിക്കേണ്ടിവരുന്നില്ല. വെറുതെയൊരിക്കലും ഇരിക്കുകയില്ല. ലേഖനം, മുഖ ലേഖനം, എഡിറ്റിങ്, മറുപടി, പ്രസ്താവന അങ്ങനെ നീളുന്നു എഴുത്ത് പട്ടിക. ന്യായവും സത്യവുമാണെന്ന് മനസ്സില്‍ തോന്നുന്നതെന്തും സഹൃദയനാണെങ്കിലും, വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനായിരുന്നു.

ഒരിക്കല്‍ സി.എച്ച് പറഞ്ഞതിങ്ങനെ: ‘സമുദായത്തിന്റെ വിളക്കുമാടമാണ് ചന്ദ്രിക. സമുദായത്തെ ചിന്തിപ്പിക്കാന്‍ പഠിപ്പിക്കേണ്ട ബാധ്യത കൂടി അതിനുണ്ട്’.

ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്ന ടി.സി മുഹമ്മദ് സി.എച്ചിന്റെ സവിശേഷ സ്വഭാവത്തെ വിശേഷിപ്പിച്ചതിങ്ങനെ: ‘അത്തോളി ഗ്രാമം അദ്ദേഹത്തിന്റെ പെറ്റുമ്മയാണെങ്കില്‍ കോഴിക്കോട് നഗരം പോറ്റുമ്മയാണെന്ന് പറയാറുണ്ടല്ലോ. അത്‌പോലെ നടക്കാവിലെ ക്രസന്റ്ഹൗസ് സ്വന്തം ഭവനമാണെങ്കില്‍ ചന്ദ്രിക സി.എച്ചിന്റെ രണ്ടാം ഭവനമായിരുന്നു. എവിടെ പോകുമ്പോഴും എവിടെ നിന്ന് വരുമ്പോഴും രണ്ടാം ഭവനത്തില്‍കയറി രണ്ട് തമാശ പൊട്ടിച്ചാലല്ലാതെ അദ്ദേഹം നീങ്ങില്ല. കോഴിക്കോട്ടാണെങ്കില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴും സി.എച്ചിന് ചന്ദ്രിക വേണം. രാത്രിയെത്ര വൈകിയെത്തിയാലും ശരി അപ്പോള്‍ അച്ചടിച്ച എഡിഷന്‍ വായിച്ചേ ഉറങ്ങാന്‍ കിടക്കൂ. ആര്‍ക്ക് മുമ്പിലും ഒരിക്കലും തല കുനിച്ചിട്ടില്ലാത്ത ആത്മാഭിമാനമാണ് സി.എച്ചിന്റേത്. നിര്‍ഭയത്വം അദ്ദേഹത്തിന്റെ ജന്മസിദ്ധിയായിരുന്നു. എ.കെ കുഞ്ഞിമായിന്‍ ഹാജി ചന്ദ്രിക മാനേജിങ് ഡയരക്ടറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ജാമാതാവ് കെ.പി മുഹമ്മദ് മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചിരുന്നു. മാനേജിങ് ഡയരക്ടറുടെ ജാമാതാവിനെ കണക്കിന് കശക്കിവിടാന്‍ സ്റ്റേജില്‍ സി. എച്ചിന് അശേഷം ധൈര്യക്കുറവുണ്ടായില്ല. ഇക്കാരണത്തിന് സി.എച്ചിനെ ചന്ദ്രികയില്‍നിന്ന് പിരിച്ചുവിടണമെന്ന്‌വരെ ഏ.കെ കുഞ്ഞിമായിന്‍ ഹാജിയോട് ജാമാതാവിന്റെ ആള്‍ക്കാര്‍ വാശിപിടിച്ച് നോക്കി. പക്ഷേ ഹാജി അതിന് വഴങ്ങിയില്ല. ജാമാതാവിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എന്ത് സഹായവും ചെയ്യാമെന്ന് പറയുകയല്ലാതെ പത്രാധിപരെ ചോദ്യംചെയ്യാന്‍ മാതൃകായോഗ്യരായ എം.ഡി തയ്യാറായില്ല. മറ്റുള്ളവര്‍ സര്‍വകലാശാലകളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് കോയാ സാഹിബ് ജീവിതായോധനക്കളരിയില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു. ആ കളരി ചന്ദ്രികയായിരുന്നു. അത്‌കൊണ്ടാവണം അദ്ദേഹത്തിനയവിറക്കാനുള്ള ചെറുപ്പക്കാല സ്മരണകള്‍ അധികവും ചന്ദ്രികയുമായി ബന്ധപ്പെട്ടതായത്’.