പി.എ. മഹ്ബൂബ്

ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി അവിശ്രാന്തം യത്‌നിച്ച മഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് വിടവാങ്ങിയിട്ട് 12 വര്‍ഷം തികയുകയാണിന്ന്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അമരക്കാരനെന്നനിലയില്‍ ലോക മുസ്‌ലിം വേദികളില്‍ ഇന്ത്യയുടെ ശബ്ദമായിരുന്നു അദ്ദേഹം. ഏതു വിഷയത്തിലും സ്വന്തമായ അഭിപ്രായം ഏത് വേദിയിലും പ്രൗഢോജ്വലമായി അവതരിപ്പിക്കുന്ന സേട്ട് സാഹിബ് ലളിത ജീവിതത്തിനുടമയായിരുന്നു. 83 വര്‍ഷം നീണ്ട ജീവിതം ആദര്‍ശ സംരക്ഷണത്തിനായുള്ള നിരന്തര സമരമായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ചരിത്രത്തില്‍ ഖാഇദേമില്ലത്ത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം ദേശീയ അധ്യക്ഷനായിരുന്നു മഹ്ബൂബെ മില്ലത്ത് ഇബ്രാഹിംസുലൈമാന്‍ സേട്ട്. 1973 മുതല്‍ 1994വരെ അദ്ദേഹം തുടര്‍ച്ചയായി അധ്യക്ഷപദവി അലങ്കരിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ തുടര്‍ച്ചയായി മുപ്പത്തഞ്ച് വര്‍ഷക്കാലം മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചു. 2005 ഏപ്രില്‍ 27ന് ബാംഗ്ലൂരില്‍ ആ സമരജീവിതം അവസാനിച്ചു.
വിദ്യാര്‍ത്ഥികാലം മുതലേ രാഷ്ട്രീയ പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും തുടങ്ങി. ബന്ധുവും സര്‍വ്വേന്ത്യാ മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സത്താര്‍ സേട്ട് സാഹിബാണ് രാഷ്ട്രീയ ഗുരു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് രൂപീകരണം മുതല്‍ സജീവ പ്രവര്‍ത്തകനായി. മൈസൂര്‍ സിറ്റി എം.എസ്.എഫ്. കണ്‍വീനറായിരിക്കെ 1943ല്‍ മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ മലബാര്‍ ജില്ലാ സമ്മേളനത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തിയത് സമുന്നത നേതാവായ മഹാനായ കെ.എം. സീതി സാഹിബായിരുന്നു. സത്താര്‍ സേട്ടിന്റെയും മറ്റും നിഴലായി വിദ്യാര്‍ത്ഥി കാലംമുതലേ പ്രവര്‍ത്തിച്ചതിനാല്‍ തലയെടുപ്പുള്ള എല്ലാ നേതാക്കളുമായും അടുത്തിടപഴകാനും സൗഹൃദം പങ്കിടാനും ഇബ്രാഹിം സുലൈമാന്‍ സേട്ടിന് ചെറുപ്രായത്തിലേ കഴിഞ്ഞു.
1934ല്‍ സെന്‍ട്രല്‍ അസംബ്ലിയിലേക്ക് മലബാര്‍ ഉള്‍പ്പെട്ട വെസ്റ്റ് കോസ്റ്റ് മണ്ഡലത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെതിരെ മത്സരിച്ച അബ്ദുല്‍ സത്താര്‍ സേട്ട് സാഹിബിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഇബ്രാഹിം സുലൈമാന്‍ സേട്ടുണ്ട്. മലബാര്‍ ജില്ലാ മുസ്‌ലിംലീഗ് രൂപീകരണ സമ്മേളനകാലത്ത് സേട്ട് സാഹിബിന്റെ കുടുംബം മംഗലാപുരത്തായിരുന്നു. സത്താര്‍ സേട്ട് സെന്‍ട്രല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയ രാഷ്ട്രീയത്തിലേക്കുയര്‍ന്നു. ഇക്കാലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ രാഷ്ട്രീയ പ്രചോദകര്‍ കെ.എം. സീതി സാഹിബും സത്താര്‍ സേട്ടുമായിരുന്നു.
കച്ച് മേമന്‍കുടുംബത്തില്‍ 1922 നവംബര്‍ മൂന്നിന് ബാംഗ്ലൂരിലാണ് ജനനം. വസ്ത്ര വ്യാപാരിയായിരുന്ന മുഹമ്മദ് സുലൈമാന്‍ സേട്ടിന്റെയും തലശ്ശേരി സ്വദേശിനി സൈനബ് ഭായിയുടെയും മകന്‍. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍നിന്നും ബിരുദം നേടിയ പിതാവ് മുഹമ്മദ് സുലൈമാന് ഇംഗ്ലീഷ്, ഉര്‍ദു, പേര്‍ഷ്യന്‍, അറബി ഭാഷകളില്‍ അവഗാഹമുണ്ടായിരുന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ട് പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്നു. ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുമ്പോള്‍ പിതാവ് മരണപ്പെട്ടു. ഇതോടെ സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ട ബാല്യമായിരുന്നു. തലശ്ശേരിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബാംഗ്ലൂര്‍ സെന്റ് ജോസഫ്‌സ് കോളജില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം തുടര്‍ന്നു.
1943ല്‍ ബിരുദം നേടി. അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. കോലാറിലെ റോബര്‍ട്ട് സണ്‍പെട്ട് കെ.ജി.എഫ്. ഗവ. കോളജ്, മൈസൂരിലെ മേലാപ്പ് മാരെയ് ഗവണ്‍മെന്റ് കോളജ്, ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥരുടെ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ടിച്ചു. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലായിരുന്നു മുഖ്യശ്രദ്ധ. ഇതോടെ താല്‍ക്കാലിക ജോലികള്‍ ഉപേക്ഷിച്ചു.
മലബാര്‍ ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റ് ഹാജി അബ്ദുസത്താര്‍ ഇസ്ഹാഖ് സേട്ടാണ് മുഴുവന്‍ സമയ രാഷ്ട്രീയ രംഗത്തേക്ക് പ്രേരിപ്പിച്ചത്. ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ വിദ്യാര്‍ത്ഥികാലംമുതലേ ശ്രദ്ധേയനായ പ്രസംഗകനായിരുന്നു. നല്ല സംഘാടനകനുമായിരുന്നു. ബാംഗ്ലൂര്‍ സെന്റ് ജോസഫ്‌സ് കോളജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സെക്രട്ടറി, അഞ്ചുമന്‍ ഇസ്‌ലാഹുല്‍ ലിസാന്‍ (ഉര്‍ദു) സെക്രട്ടറി തുടങ്ങിയ സംഘടനാ നേതൃത്വം വിദ്യാര്‍ത്ഥിയായിരിക്കെ വഹിച്ചു. ഉര്‍ദു കവിതാ സാഹിത്യം, പ്രസംഗ മത്സരങ്ങളിലെല്ലാം പങ്കെടുത്ത് സമ്മാനങ്ങള്‍ വാരിക്കൂട്ടും. വായനയും യാത്രയും വിപുലമായിരുന്നു. ആയിരക്കണക്കിന് വിലപ്പെട്ട പുസ്തകങ്ങളാണ് സേട്ട് സാഹിബിന്റെ സ്വന്തം ലൈബ്രറി ശേഖരത്തിലുള്ളത്.
നീതി നിഷേധത്തിനും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയും സേട്ട് സാഹിബ് ഉയര്‍ത്തിയ ശബ്ദം വേറിട്ടതായിരുന്നു. മുസ്‌ലിം പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അത് ദേശീയ പ്രശ്‌നമാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. മറകൂടാതെ വിഷയങ്ങള്‍ അവതരിപ്പിക്കും. വൈകാരികമായി അവതരിപ്പിക്കുന്നതിനിടെ എത്രയോ പ്രസംഗ വേദികളില്‍ അദ്ദേഹം ഗദ്ഗദകണ്ഠനായി കണ്ണുനീര്‍ തുടക്കുന്നത് കാണാമായിരുന്നു.
വിശ്രമരഹിതമായിരുന്നു ആ ജീവിതം. ഇന്ത്യന്‍ മുസ്‌ലിംകളുടെ ദുരവസ്ഥക്ക് പരിഹാരത്തിനായി പാര്‍ലമെന്റിലും പ്രധാനമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും മുമ്പാകെയും അദ്ദേഹം ന്യായയുക്തമായ വാദമുഖങ്ങളില്‍ വിഷയമവതരിപ്പിക്കുകയും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പൊരുതുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ എന്ന കുതന്ത്രങ്ങള്‍ ഇന്നും സ്വതന്ത്രഭാരതത്തിലും തുടരുകയാണ്. സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം ഇല്ലാതാക്കി സമസ്ത മേഖലയിലും ഫാസിസ്റ്റ് ശക്തികള്‍ പിടിമുറുക്കുന്നതില്‍ അദ്ദേഹത്തിന്റെ മനംനൊന്തു.
നിഷ്‌കളങ്കമായിരുന്നു ആ മനസ്സ്. സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാന്‍ സേട്ട് സാഹിബിന് ഒന്നും തടസ്സമായില്ല. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് 1973ലാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റായി ചുമതലയേറ്റത്. മുസ്‌ലിംലീഗ് അധ്യക്ഷ പദവിയില്‍ തുടര്‍ച്ചയായി 21 വര്‍ഷം ഉണ്ടായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി (1960-61), സംസ്ഥാന വൈസ് പ്രസിഡന്റ് (1961-62), ദേശീയ ജനറല്‍ സെക്രട്ടറി (1962-73) എന്നീ ഉത്തരവാദിത്തങ്ങള്‍ക്ക് ശേഷമാണ് ദേശീയ അധ്യക്ഷ പദവിയിലെത്തിയത്. 1994ല്‍ നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ അദ്ധ്യക്ഷനായി.
സുദീര്‍ഘമായ പാര്‍ലമെന്ററി ജീവിതത്തിന്റെ തുടക്കം 1960ലാണ്. 1996വരെ തുടര്‍ച്ചയായി അദ്ദേഹം പാര്‍ലമെന്റംഗമായി സേവനമനുഷ്ഠിച്ചു. 1960 മുതല്‍ ’66വരെ രാജ്യസഭാംഗമായി. 1967 മുതല്‍ പരാജയമറിയാതെ ലോക്‌സഭാംഗമായി. കോഴിക്കോട് മണ്ഡലത്തെയാണ് ആദ്യം പ്രതിനിധീകരിച്ചത് (1967). രണ്ടാംതവണയും ഇതേ മണ്ഡലത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു (1972). തുടര്‍ന്ന് നാല് തവണ മഞ്ചേരിയെ പ്രതിനിധീകരിച്ചു (1977, 1980, 1984, 1989). അടുത്ത തവണ പൊന്നാനി മണ്ഡലത്തില്‍നിന്നാണ് വിജയിച്ചത് (1991). പാര്‍ലമെന്റിലെ നിരവധി സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ അംഗമായിരുന്നു. അമേരിക്ക, ബ്രിട്ടണ്‍, സ്വിറ്റ്‌സര്‍ലന്റ്, ലെബനാന്‍, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പാര്‍ലമെന്ററി പ്രതിനിധി സംഘാംഗമായി. സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ അംഗം, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ (1965-75) സ്ഥാനങ്ങള്‍ വഹിച്ചു. തിരൂരങ്ങാടി യതീംഖാന മാനേജിംഗ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്നു.
ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, മുസ്‌ലിം മജ്‌ലിസെ മുശാവറ, അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട്, ദേശീയോദ്ഗ്രഥന സമിതി എന്നിവയില്‍ സജീവമായിരുന്നു. ചന്ദ്രിക പ്രസാധകരായ മുസ്‌ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി ഡയറക്ടറായിരുന്നു.
അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ പദവി, ശരീഅത്ത് സംരക്ഷണ നിയമം, ഷാബാനുകേസ്, ബാബ്‌രി മസ്ജിദ്,പ്രശ്‌നം, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ടാഡ കരി നിയമം, അബ്ദുല്‍നാസര്‍ മഅ്ദനിക്ക് നീതി, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റിനകത്തും പുറത്തും മുസ്‌ലിം ലീഗ് അധ്യക്ഷനെന്ന നിലയില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് നടത്തിയ പ്രസംഗങ്ങള്‍ വിഖ്യാതമാണ്.
പഠനവും പൊതുപ്രവര്‍ത്തനവും കര്‍ണാടകയിലും തലശ്ശേരിയിലുമാണ്. മട്ടാഞ്ചേരിയിലെ മറിയം ബീഗത്തെ 1949ല്‍ വിവാഹം കഴിച്ചു. 1952 മുതല്‍ വീടുവെച്ച് കൊച്ചിയില്‍ സ്ഥിര താമസമാക്കി. 1954 മുതല്‍ ’59വരെ എറണാകുളം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റായിരുന്നു. കേരള പിറവിയോടെ 1956ല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള സൗകര്യത്തിനായി കെ.എം. സീതി സാഹിബ്, ബി. പോക്കര്‍ സാഹിബ് ഉള്‍പ്പെടെ അഭിഭാഷകരും മുസ്‌ലിം ലീഗ് സ്ഥാപക നേതാക്കളുമായവര്‍ എറണാകുളത്ത് താമസമാക്കി. വിമോചന സമരകാലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടും സന്തത സഹചാരിയായ അബ്ദുല്ലാ ഹാജി അഹമ്മദ് സേട്ടും എറണാകുളം സബ് ജയിലില്‍ തടവില്‍ കഴിഞ്ഞു. സൈക്കിളിലായിരുന്നു അന്നത്തെ സഞ്ചാരവും രാഷ്ട്രീയ പ്രവര്‍ത്തനവും. ഏറെ സൂക്ഷ്മത പാലിച്ച പൊതുജീവിതമായിരുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വാഹനമോ ഇബ്രാഹിം സുലൈമാന്‍ സേട്ടിനുണ്ടായിരുന്നില്ല. സമുദായത്തെ അത്രയധികം സ്‌നേഹിച്ചു. അന്ത്യംവരെ അന്തസോടെ ജീവിച്ചു.
ഇന്ത്യന്‍ മുസ്‌ലിംകളുടെ അന്തസുറ്റ ജീവിതത്തിനായി അദ്ദേഹം കര്‍മ്മനിരതനായി പ്രവര്‍ത്തിച്ചു. സമുദായത്തിന്റെ ഐക്യവും കെട്ടുറപ്പും അദ്ദേഹം ഉണര്‍ത്തി. അതിനായുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം. മക്കളോട് ഇക്കാര്യം അന്ത്യ ദിനങ്ങളിലും ഉണര്‍ത്തുമായിരുന്നു. സേട്ട് സാഹിബിന്റെ മക്കളായ സുലൈമാന്‍ ഖാലിദ് ഇപ്പോള്‍ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. ഇളയ മകന്‍ സിറാജ് സുലൈമാന്‍ സേട്ട് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിമാരിലൊരാളാണ്. വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് മകള്‍ തസ്‌നീം ഇബ്രാഹിം.
മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ വിശ്വവീക്ഷണമായിരുന്നു സേട്ട് സാഹിബിന്റേത്. ഏത് വേദിയിലും തലയെടുപ്പോടെ അദ്ദേഹം നിലകൊണ്ടു. ഗള്‍ഫ് രാഷ്ട്രങ്ങളിലും അമേരിക്ക, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം നിരവധി സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഗള്‍ഫ് രാഷ്ട്രത്തലവന്‍മാരുടെ ഉത്തമസുഹൃത്തായിരുന്നു. വിവിധ ആവശ്യങ്ങളുമായി തന്നെ സമീപിക്കുന്ന സാധാരണക്കാരന് പോലും സ്വന്തം കൈപ്പടയില്‍ മനോഹരമായ ഭാഷകളില്‍ സുദീര്‍ഘമായ കത്ത് എഴുതിക്കൊടുക്കുന്നത് സേട്ട് സാഹിബിന്റെ ശൈലിയായിരുന്നു. രാഷ്ട്രത്തലവന്‍മാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും ഒരേ ഭാവത്തോടെ അദ്ദേഹം കൈപ്പടയില്‍ എഴുതി നല്‍കും. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ തന്റെ ജീവിത കാലത്തെ എല്ലാ പ്രധാനമന്ത്രിമാരുമായും അടുത്തസൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു. ജോണ്‍പോള്‍ മാര്‍പാപ്പയുമായും വിവിധ മതനേതാക്കളുമായും വ്യക്തിസൗഹൃദം പുലര്‍ത്തി.
അദ്ദേഹത്തിന്റെ സൗഹൃദവലയം വിപുലമായിരുന്നു. കൊച്ചുകുട്ടികളോടുപോലും അവരുടെ ഭാഷയില്‍ കളിക്കൂട്ടുകാരനെപോലെ അദ്ദേഹം നിഷ്‌കളങ്കമായി ഇടപെട്ടു.