തൃശൂര്‍: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന് വിശദീകരണവുമായി സി.പി.എം എം.എല്‍.എ കെ.എ അരുണന്‍ രംഗത്ത്. പരിപാടിയില്‍ പങ്കെടുത്തത് അവിചാരിതമായിപ്പോയെന്നും സംഭവത്തില്‍ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിക്ക് വിശദീകരണം നല്‍കി പുറത്തിറങ്ങിയ എം.എല്‍.എ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് അവിടെ ആര്‍.എസ്.എസ് എന്നെഴുതി വെച്ചിരിക്കുന്നത് കണ്ടത്. പിന്നെ ഇറങ്ങിപ്പോരുന്നത് അപമര്യാദയല്ലേയെന്ന് കരുതി തുടരുകയായിരുന്നു. സംഭവം അവിചാരിതമായിപ്പോയി. സംഭവിച്ചതില്‍ അതിയായ ദു:ഖമുണ്ട്. ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരായി നിരന്തരം ശബ്ദിക്കുന്നയാളാണ് താന്‍. നല്ല രീതിയിലുള്ള ധാര്‍മ്മികതയും സദാചാരവും കയ്യിലുണ്ട്. എന്നാല്‍ സംഭവിച്ചുപോയല്ലോ എന്ന ദു:ഖത്തിലാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി കിഷോര്‍ എന്നയാളാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ വിളിച്ചത്. അമ്പലത്തിലെ പരിപാടിയാണിതെന്ന് മാത്രമാണ് കിഷോര്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ച് പാര്‍ട്ടിയില്‍ സംഘടനാതലത്തില്‍ ചോദ്യമുയരുമോ എന്ന ചോദ്യത്തിന് അങ്ങനെയൊരു നടപടിയുണ്ടാകില്ലെന്നായിരുന്നു എം.എല്‍.എയുടെ മറുപടി. നടപടിയെടുക്കില്ല, എന്നാല്‍ അത്തരത്തില്‍ ഉണ്ടാവുകയാണെങ്കില്‍ അംഗീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.