ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരെയുള്ള കോടതി അലക്ഷ്യ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. 2015ല്‍ ബോംബെ ഹൈകോടതിയാണ് അരുന്ധതിക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രഫസര്‍ ജി.എന്‍.സായിബാബക്ക് മുന്‍കൂര്‍ജാമ്യം നിഷേധിച്ച സംഭവത്തിലായിരുന്നു കോടതിയലക്ഷ്യ നടപടി. അരുന്ധതി റോയ് തന്റെ ലേഖനത്തില്‍ കോടതിയെ വിമര്‍ശിച്ചിരുന്നു. മാവോയിസ്റ്റുകള്‍ക്ക് അഭയം നല്‍കിയെന്ന കുറ്റം ചുമത്തി സായ്ബാബയെ കോടതി തടവിന് വിധിച്ചിരുന്നു.
പരാമര്‍ശത്തില്‍ അരുന്ധതി ഖേദം പ്രകടിപ്പിച്ചുവെന്നും ഇക്കാരണത്താല്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ചീഫ് ജസ്റ്റീസ് ജെ. എസ് ഖേഹര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിക്കുകയായിരുന്നു.
മുംബൈ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചിരുന്നത്. ഇന്ത്യയെപ്പോലെ സഹിഷ്ണുത നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സര്‍ക്കാരിനും പൊലീസിനും സായിബാബയെ ഭയമാണെന്നും മജിസ്‌ട്രേറ്റ് ഒരു ചെറിയ പട്ടണത്തില്‍ നിന്നും വരുന്ന ആളാണെന്നും പറയുന്നത് എഴുത്തുകാരിയുടെ മോശപ്പെട്ട മനോഭാവമാണ് വെളിവാക്കുന്നതെന്നുമായിരുന്നുഹൈക്കോടതിയുടെ പരാമര്‍ശം. നിയമപീഠത്തെ ചോദ്യം ചെയ്യാനും അപമാനിക്കാനും എഴുത്തുകാരി മുതിര്‍ന്നുവെന്നും ജസ്റ്റിസ് ആരോപിച്ചിരുന്നു. ഭരണഘടനയില്‍ പറയുന്നതരത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയായിരുന്നു എന്ന് അരുന്ധതി റോയി കോടതിയെ അറിയിച്ചു. പരാമര്‍ശത്തില്‍ മറ്റൊരു തരത്തിലുള്ള ഗൂഡലക്ഷ്യമില്ല. സായിബാബയ്ക്ക് നീതി ലഭിക്കാന്‍ വേണ്ടി പോരാടുകയായിരുന്നു എന്നും അരുന്ധതി വ്യക്തമാക്കി.