ചെന്നൈ: നടന്‍ രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 31ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ ഗാന്ധിയന്‍ സന്നദ്ധ സംഘടനയായ ഗാന്ധിയ മക്കള്‍ ഇയക്കം സ്ഥാപകന്‍ തമിഴരുവി മണിയനാണ് ഇക്കാര്യം അറിയിച്ചത്.
രജനികാന്തുമായി പോയസ്ഗാര്‍ഡനിലെ വീട്ടില്‍ ഇന്നലെ രാവിലെ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചതെന്ന് തമിഴരുവി വാര്‍ത്താലേഖകരോട് പറഞ്ഞു. ഡിസംബര്‍ 26 മുതല്‍ 31 വരെ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളെ നേരിട്ട് കണ്ട് രജനികാന്ത് അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രജനികാന്തിന്റെ വക്താവ് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
നേരത്തെ നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ മൊബൈല്‍ ആപ്പ് മാത്രമാണ് പ്രഖ്യാപിച്ചത്.