ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ ബലാത്സംഗക്കേസില്‍ വിധി ഉടന്‍. വിധിയുടെ പശ്ചാത്തലത്തില്‍ ജോഡ്പൂരില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആശാറാം ബാപ്പു കിടക്കുന്ന ജോഡ്പൂരിലെ ജയിലില്‍ വച്ചു തന്നെ വിധി പ്രഖ്യാപിക്കും.

ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ആശാറാം ബാപ്പുവിനെതിരായ വിധി പ്രഖ്യാപനം 25ന് നടക്കും. ഗാന്ധിനഗര്‍ കോടതിയിലാണ് ആശാറാം ബാപ്പുവിന്റെ കേസ് നടക്കുന്നത്. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി പൊലീസ് വ്യക്തമാക്കി. വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അക്രമം നടക്കാതിരിക്കാനും വ്യാപിക്കാതിരിക്കാനും ഈ മാസം 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നാലോ അതിലധികം പേരോ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ലെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുപരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി.

ജയിലില്‍ വെച്ച് വിധി നടപ്പാക്കുന്ന സാഹചര്യത്തില്‍ സൗകര്യങ്ങള്‍ ഒരുക്കാനും കോടതി ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. വിധിയുടെ സാഹചര്യത്തില്‍ നഗരത്തില്‍ സുരക്ഷ ഏര്‍പ്പെടുത്താനും നിയമം ലംഘിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കാനും പൊലീസിനോട് നിര്‍ദേശിച്ചു. കോടതിയുടെ പരാമര്‍ശനത്തിന് പിന്നാലെ ജില്ലാ ഭരണകൂടം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇരയുടെ വീടിനും ബന്ധുക്കാര്‍ക്കും കനത്ത കാവല്‍ ഏര്‍പ്പെടുത്തി. നിരീക്ഷണത്തിനായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ബാപ്പുവിന്റെ അനുയായികളെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഇവരും കടുത്ത നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. 2013 ഓഗസ്റ്റിലാണ് പതിനാറ് കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആശാറാം ബാപ്പു ജയിലിലായത്. രാജസ്ഥാനിലെ ജോഡ്പൂരിലെ ആശ്രമത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

ആ കേസ് നിലനില്‍ക്കെ സൂറത്തിലെ ആശ്രമത്തില്‍ വച്ച് ബാപ്പുവും മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചെന്നാരോപിച്ച് രണ്ട് പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരുന്നു. കേസിന്റെ വിചാരണയും ഏറെ വിവാദമായിരുന്നു. വിചാരണ നടപടികള്‍ വൈകുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിം കോടതി വിശദീകരണം തേടിയതും ഏറെ ശ്രദ്ധ നേടി.