X

സുഡാനിലെ സംഘർഷം ;കർണാടകയിൽ നിന്നുള്ള 31 ഗോത്രവർഗക്കാർ കുടുങ്ങി

സുഡാനിലെ സൈന്യവും അർദ്ധസൈനികരും തമ്മിലുള്ള തീവ്രമായ പോരാട്ടത്തിനിടയിൽ കർണാടകയിൽ നിന്നുള്ള ഹക്കി പിക്കി ഗോത്രത്തിൽപ്പെട്ട 31 പേർ കുടുങ്ങിയതായി റിപ്പോർട്ട്.രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും സുഡാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. സംഘട്ടനത്തിൽ ഇതുവരെ 200 ഓളം പേർ കൊല്ലപ്പെടുകയും 1,800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ഇടപെടണമെന്ന് കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും അഭ്യർത്ഥിച്ചു. സുഡാനിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി ഞായറാഴ്ച വെടിയേറ്റ് മരിച്ചിരുന്നു.സുഡാനിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, തിങ്കളാഴ്ച ഇന്ത്യൻ എംബസി ഇന്ത്യക്കാരോട് താമസസ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ശാന്തത പാലിക്കണമെന്നും ആവശ്യപ്പെട്ട് പുതിയ ഉപദേശം നൽകിയിരുന്നു.

webdesk15: