ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം മാത്രമേ അനുവദിക്കൂ എന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ഭാഗവതിന്റെ വിവാദ പരാമര്‍ശം. ‘അവിടെയുള്ള അതേ കല്ലുകള്‍ കൊണ്ട് ഞങ്ങള്‍ അവിടെ ക്ഷേത്രം പണിയും. മന്ദിറിന്റെ മുകളില്‍ കാവിക്കൊടി പറക്കുന്ന കാലം വിദൂരമല്ല’ – കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടന്ന ധര്‍മ സന്‍സദിനിടെ അദ്ദേഹം പറഞ്ഞു. ഞങ്ങളത് നിര്‍മിക്കും. ഇതൊരു ജനപ്രിയ പ്രഖ്യാപനമല്ല. വിശ്വാസത്തിന്റെ പ്രശ്‌നമാണ്.

അത് മാറ്റാനാവില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും ശേഷം രാമക്ഷേത്ര നിര്‍മാണം സാധ്യമാണെന്ന് ഇപ്പോള്‍ തോന്നുന്നു. തങ്ങളുടെ ലക്ഷത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ അതീവ കരുതല്‍ വേണ്ടതുണ്ട്്- അദ്ദേഹം പറഞ്ഞു. രാജ്യത്ത് സമ്പൂര്‍ണമായി ഗോവധ നിരോധനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോഹത്യ നിരോധിച്ചില്ലെങ്കില്‍ രാജ്യത്ത് സമാധാനം കൊണ്ടുവരാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.