തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. എറണാകുളത്ത് താമസക്കാരനായ ജോണ്‍സണ്‍ ഔസേപ്പ് ആണ് പ്രതി. ആതിരയുടെ ഇന്‍സ്റ്റഗ്രാമം സുഹൃത്താണ് പ്രതി. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പ് വിവാഹിതനാണ്. എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് ഭാര്യയുമായി പിരിഞ്ഞശേഷം കൊല്ലത്തും കൊച്ചിയിലുമായി താമസിച്ചു വരികയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ആതിരയും ജോണ്‍സണും ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്നു. കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരണമെന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ നിഗമനം. കൊലപാതകം നടത്താന്‍ വേണ്ടി ഇയാള്‍ ഒരാഴ്ചയോളം പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ജോണ്‍സണ്‍ സിം കാര്‍ഡ് എടുത്തിരിക്കുന്നത്. ആതിരയെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി കൊണ്ടുപോയ സ്‌കൂട്ടര്‍ പൊലീസ് റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു.
കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര (30) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്.