മുംബൈ: ഇപ്പോള്‍ എടിഎം മെഷിനുകള്‍ ഉപയോഗിക്കാത്തവര്‍ അധികമുണ്ടാകില്ല. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ പണം കിട്ടാത്ത സാഹചര്യങ്ങളും നിരവധി. അതിലേറെ പുലിവാലു പിടിക്കുക, അക്കൗണ്ടില്‍ നിന്ന് പണം പോകുകയും അതു കൈയില്‍ കിട്ടാതെ വരികയും ചെയ്യുമ്പോഴാണ്. അക്കൗണ്ടില്‍ നിന്ന് പണം പോയ സന്ദേശം കിട്ടുന്നതോടെ നമ്മള്‍ പരിഭ്രാന്തരാകുകയും ചെയ്യും.

അക്കൗണ്ടില്‍ നിന്നു പോയ, കൈയില്‍ കിട്ടാത്ത കാശിന് ഇനി എന്തു ചെയ്യും? എടിഎം മെഷിനുകള്‍ ഇങ്ങനെ ചതിച്ചാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട് എന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്. കേന്ദ്രബാങ്കിന്റെ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് ഈ പണം ഏഴു ദിവസം കഴിഞ്ഞിട്ടും സ്വന്തം അക്കൗണ്ടില്‍ തിരികെ എത്തിയില്ലെങ്കില്‍ ഉപഭോക്താവ് നഷ്ടപരിഹാരത്തിന് അര്‍ഹനാണ്.

ചില്ലറയല്ല നഷ്ടപരിഹാരം, ദിവസവും നൂറു രൂപ വച്ചാണ് ബാങ്ക് ഉപഭോക്താവിന് നല്‍കേണ്ടത്.

ഇതിനായി എന്തു ചെയ്യണം?

* പരാജയപ്പെട്ട എടിഎം വിനിയമത്തെ കുറിച്ച് ബാങ്കില്‍ പരാതി നല്‍കണം. പരാതി കിട്ടി ഏഴു ദിവസത്തിന് അകം പരിഹരിക്കണം. ഏഴു ദിവസത്തിനുള്ളില്‍ പണം തിരികെ അക്കൗണ്ടില്‍ നിക്ഷേപിക്കണം

* ഏഴു ദിവസത്തിനു ശേഷവും പരാതിയില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ ദിവസവും നൂറു രൂപ വച്ച് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം.

* വിനിമയം നടത്തി 30 ദിവസത്തിനുള്ളില്‍ പരാതി നല്‍കണം. അല്ലാത്ത പരാതികള്‍ പരിഗണിക്കില്ല.

* അക്കൗണ്ടുള്ള ബാങ്കിലോ എടിഎം മെഷിന്‍ ഏതു ബാങ്കിന്റേതാണോ അവിടെയോ ആണ് പരാതി നല്‍കേണ്ടത്. 30 ദിവസവും നടപടിയുണ്ടായില്ലെങ്കില്‍ ബാങ്കിങ് ഒംബുഡ്‌സ്മാനെ സമീപിക്കാം. ആര്‍ബിഐ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം വഴി പരാതിയും നല്‍കാം

* പണം പിന്‍വലിച്ചിട്ടും കൈയില്‍ കിട്ടിയില്ലെങ്കില്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിക്കാം. വിഷയം ബോധിപ്പിക്കുകയും ചെയ്യാം. പരിഹരിച്ചില്ലെങ്കില്‍ മാത്രമേ ബാങ്കില്‍ പരാതി നല്‍കേണ്ടതുള്ളൂ.