ദോഹ: ബാങ്ക് കാര്‍ഡും പിന്‍ നമ്പറുമില്ലാതെ എടിഎമ്മില്‍ നിന്ന് പണമെടുക്കാവുന്ന സാങ്കേതിക വിദ്യയുമായി ഖത്തര്‍ നാഷനല്‍ ബാങ്ക്. ഉപഭോക്താക്കളുടെ കണ്ണ് സ്‌കാന്‍ ചെയ്താണ് എക്കൗണ്ട് ഉടമയെ തിരിച്ചറിയുന്നത്. കഴിഞ്ഞ സപ്തംബറിലാണ് ക്യുഎന്‍ബി തങ്ങളുടെ എടിഎമ്മുകളില്‍ ബയോമെട്രിക് ഐ സ്‌കാന്‍ സജ്ജീകരിക്കാന്‍ ആരംഭിച്ചത്. ഇത്തരം എടിഎമ്മുകള്‍ പ്രവര്‍ത്തന സജ്ജമായതായി ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഈയാഴ്ച ഇമെയില്‍ സന്ദേശം ലഭിച്ചു.
നിലവില്‍ 14 ബ്രാഞ്ചുകളിലാണ് ഈ സംവിധാനമുള്ളത്. കൂടുതല്‍ ബ്രാഞ്ചുകളില്‍ ഐ സ്‌കാനര്‍ സ്ഥാപിച്ച് വരുന്നതായി ക്യുഎന്‍ബി പ്രസ്താവനയില്‍ അറിയിച്ചു. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ തങ്ങളുടെ സ്മാര്‍ട്ട് ഖത്തര്‍ ഐഡി(ചിപ്പുകള്‍ ഉള്ള പുതിയ ഐഡി) ഹാജരാക്കി പ്രാദേശിക ബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പുതിയ സംവിധാനം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും സൗകര്യവും പ്രദാനം ചെയ്യുമെന്ന് ബാങ്ക് അറിയിച്ചു.
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ മറ്റു പല ബാങ്കുകളും ബയോമെട്രിക് സംവിധാനം നടപ്പിലാക്കി വരികയാണ്. ഏതാനും മാസം മുമ്പ് കൊമേഴ്‌സ്യല്‍ ബാങ്ക് ഖത്തര്‍ തങ്ങളുടെ എടിഎമ്മുകളില്‍ ഫിന്‍ഗര്‍ വെയ്ന്‍ സ്‌കാനര്‍ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. വിരലുകളിലെ ഞരമ്പുകളുടെ രൂപഘടന ഓരോരുത്തരിലും വ്യത്യസ്തമായിരിക്കുമെന്നതിനാല്‍ അതീവ സുരക്ഷയാണ് ഇതിലൂടെ ലഭിക്കുക.