തിരുവനന്തപുരം: സംസ്ഥാനത്ത് ജയില്‍ ചാടിയ വനിതാ തടവുകാരെ പിടികൂടി. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയില്‍ നിന്നും ജയില്‍ ചാടിയ ശില്‍പ്പ, സന്ധ്യ എന്നിവരാണ് തിരുവനന്തപുരം പാലോട് അടപ്പുപാറ ഉള്‍വനത്തില്‍ വെച്ച് പിടികൂടിയത്. ശില്‍പയുടെ വീട്ടിലേക്ക് പോകുന്നതിനിടെ സഹോദരനെ ഫോണില്‍ വിളിച്ചതാണ് പൊലീസിനെ പിടികൂടാന്‍ സഹായകമായത്. ഇവര്‍ക്കായി പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ഉടന്‍ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കും.

ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ തലസ്ഥാനത്തെ വനിത ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. ജയില്‍ വളപ്പിനു പിന്‍വശത്തെ മതില്‍ ചാടിയാണ് ഇവര്‍ കടന്നത്. അതേസമയം, ജയിലില്‍ നിന്നും രക്ഷപ്പെട്ട യുവതികള്‍ മണക്കാട് നിന്നും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെ എസ്എടി ആശുപത്രിയിലെത്തിയിരുന്നു. പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ല. പണം നല്‍കാതെ യുവതികള്‍ മുങ്ങിയെന്ന് മനസിലായ ഓട്ടോ െ്രെഡവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.