ലക്‌നൗ: അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ പേര് പ്രഖ്യാപിച്ചു. മര്യാദാ പുരുഷോത്തം ശ്രീരാം എന്നായിരിക്കും വിമാനത്താവളത്തിന്റെ പേരെന്ന് യോഗി സര്‍ക്കാര്‍ അറിയിച്ചു. പുതിയ പേരിന്റെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. നേരത്തെ ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് ‘അയോധ്യ’ എന്നാക്കി മാറ്റിയിരുന്നു.

2021 ഡിസംബറില്‍ വിമാനത്താവളത്തിന്റെ ജോലികള്‍ പൂര്‍ത്തീകരിക്കും. അന്താരാഷ്ട്ര നിലവാരത്തിലാണ് വിമാനത്താവളത്തിന്റെ പണി കഴിപ്പിക്കുന്നത്. വിമാനത്താവള നിര്‍മാണത്തിനായി ഇതുവരെ 300 കോടി രൂപ ചെലവഴിച്ചു. ഇതിനു പുറമെ 525 കോടി രൂപ കൂടി യോഗി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അയോധ്യയിലേക്ക് എത്താനുള്ള വിശ്വാസികളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും ഈ വിമാനത്താവളമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.