തിരുവനന്തപുരം: ആര്‍എസ്എസിന് വഴിമരുന്നിടുന്ന പണി ആരും ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഘുലേഖ വിതരണം നടത്തിയ മുജാഹിദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഗ്രഹാരാധനയെ വിമര്‍ശിക്കുന്ന ലഘുലേഖകള്‍ ഹിന്ദുവീടുകളില്‍ വിതരണം ചെയ്തത് ആര്‍എസഎസ്സിന് ഹരവും അവസരവുമായെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

വിതരണം ചെയ്ത രണ്ട് ലഘുലേഖകളില്‍ കുഴപ്പമില്ല. ഒരു ലഘുലേഖയില്‍ ബഹുദൈവത്വത്തെ വിമര്‍ശിക്കുന്ന ഭാഗമുണ്ട്. ഇത് ഹിന്ദു വീടുകളിലും വിതരണം ചെയ്തു. ഇങ്ങനെ വിശ്വസിക്കാന്‍ അവകാശമുണ്ട്. ഇത് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് ശരിയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സംഭവം ഗൌരവമുള്ളതാണെന്നും ലഘുലേഖ വിതരണവും അറസ്റ്റും ഐജി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്‌തെന്ന കേസില്‍ റിമാന്‍ഡിലായ മുജാഹിദ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ പറവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഹൈന്ദവര്‍ കൂടുതലായി താമസിക്കുന്ന സ്ഥലത്ത് വിഗ്രഹാരാധനയ്‌ക്കെതിരായ ലഘുലേഖ വിതരണം ചെയ്ത് പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ട്. വിഷയത്തില്‍ മതപ്രബോധനം തടയാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ വിഷയത്തില്‍ നീതി പൂര്‍വ്വം ഇടപെടണമെന്നും മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ റിമാന്‍ഡിലായിരുന്നു 40 മുജാഹിദ് പ്രവര്‍ത്തകരും ഇപ്പോള്‍ എറണാകുളം സബ്ജയിലാണ്.

വീടുകളില്‍ ലഘുലേഖ വിതരണം ചെയ്തതിന്റെ പേരില്‍ മുജാഹിദ് ഗ്ലോബല്‍ ഇസ്ലാമിക് വിഷന്‍ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതിയില്‍ ഏഴ് ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂത്തകുന്നം ഒറക്കോലി പ്രമോദ്, പാടത്തുവീട് ബൈജു, തേവശേരി ജിജീഷ്, എറണ്ടതറ അരുണ്‍, ചെത്തിപ്പറമ്പില്‍ അജിത്കുമാര്‍, തൈക്കൂട്ടത്തില്‍ ഗിരീഷ്‌കുമാര്‍, കട്ടത്തുരുത്ത് വലിയവീട്ടില്‍ അനില്‍കുമാര്‍ എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്